തൊടുപുഴ: നഗരസഭയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങൾ അറിയണമെങ്കിൽ കൗൺസിലർമാർ ഉദ്യോഗസ്ഥരോടല്ല, എന്നോട് ചോദിച്ചക്കണമെന്ന ചെയർപേഴ്സൺ ജെസി ആന്റണിയുടെ കൗൺസിൽ യോഗത്തിലെ പ്രസ്താവന വിവാദമായി. കൗൺസിലിന്റെ കീഴ് വഴക്കമതല്ലെന്ന് ചെയർപേഴ്സണെ തിരുത്തി മറ്റ് കൗൺസിലർമാരും രംഗത്ത് വന്നതോടെ ബഹളമായി. ഇന്നലെ രാവിലെ 10.30 ന് നരസഭാ ഹാളിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറിയത്. പ്രധാന മന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിൽ നിന്ന് തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് അവസാന ഗഡു തുക 11 മുമ്പ് നൽകണമെന്നുള്ള മുൻ കൗൺസിൽ തീരുമാനം നടപ്പാക്കാൻ കാല താമസം നേരിട്ടതിനെ സംബന്ധിച്ച് എൽ.ഡി.എഫ് കൗൺസിലർ രാജീവ് പുഷ്പാംഗതൻ ചെയർപേഴ്സണോട് ചോദ്യം ഉന്നയിച്ചു. ഇത് സംബ്ബന്ധിച്ച് ചെയർപേഴ്സൺ നൽകിയ വിശദീകരണത്തിൽ അവ്യക്തത വന്നപ്പോൾ യോഗത്തിൽ പങ്കെടുത്തിരുന്ന നഗരസഭാ സെക്രട്ടറി, എ.എക്സി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരോട് രാജീവ് പുഷ്പാംഗതൻ വിശദീകരണം തേടി. ഈ സമയം- 'ഉദ്യോഗസ്ഥരോട് ചോദിക്കണ്ട, എന്നോട് മാത്രം ചോദിച്ചാൽ മതി. അതാണ് നഗരസഭാ ചട്ടത്തിൽ പറഞ്ഞിരിക്കുന്നത്" എന്ന് ചെയറിലിരുന്ന് ചെയർപേഴ്സൺ പറഞ്ഞത്. എന്നാൽ നഗരസഭാ ചട്ടം അതാണെങ്കിലും ഇവിടെ കീഴ്‌വഴക്കം അതല്ലെന്നും ഇതിന് മുമ്പും കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജീവ് പുഷ്പാംഗതൻ ചൂണ്ടിക്കാട്ടി. നഗരസഭാ ചട്ടങ്ങളും നിയമങ്ങളും നോക്കിയാൽ ഇവിടെ ഒരു കാര്യത്തിനും തീരുമാനം ഉണ്ടാവില്ലെന്നും ജനത്തിനെ കഷ്ടപ്പെടുത്താതെ കാര്യങ്ങൾ നടത്തുന്നതിന് എല്ലാവരും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും ബാബു പരമേശ്വരൻ പറഞ്ഞു. ഇപ്പോഴത്തെ ചെയർപേഴ്സൺ കൗൺസിലറായിരുന്ന സമയത്ത് കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കൗൺസിൽ യോഗത്തിന് പുറത്ത് ഭരണ സമിതിയും ഉദ്യോഗസ്ഥരും ഒരേ മനസോടെ പ്രവർത്തിക്കുന്നവരാണെന്നും ആർ. ഹരിയും ചൂണ്ടിക്കാട്ടി. മറ്റ് കൗൺസിലർമാരും ഇടപെട്ടതോടെ പ്രശ്നം ചൂടേറിയ ചർച്ചയായി.
ഒടുവിൽ നല്ല തീരുമാനം
35 വാർഡുകളിലായി നഗരസഭയിൽ പി.എം.എ.വൈ പദ്ധതിക്ക് 807 ഗുണഭോക്താക്കളാണുള്ളത്. 50,000 രൂപ ഗുണഭോക്ത വിഹിതം ഉൾപ്പടെ മുൻ വർഷങ്ങളിൽ ഈ പദ്ധതിയിൽ 30,0000 രൂപയാണ് ഓരോ ഗൂണഭോക്താവിനും നൽകിയിരുന്നത്. എന്നാൽ സർക്കാർ നിർദേശ പ്രകാരം പി.എം.എ.വൈ പദ്ധതി ലൈഫ് മിഷനിൽ ലയിപ്പിച്ചതിനാൽ ഗുണഭോക്ത വിഹിതമില്ലാതെ ഓരോ ഗുണഭോക്താവിനും നാല് ലക്ഷം രൂപ ലഭിക്കും. പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഗുണഭോക്താക്കൾക്ക് അവസാന ഗഡു തുകയായ 1,50,000 രൂപ അടിയന്തരമായി നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു.