മറയൂർ: പാമ്പാടുംചോലയ്ക്ക് സമീപമുള്ള സ്വകാര്യ ഗ്രാന്റീസ് തോട്ടങ്ങളിൽ കാട്ടുതീ പടർന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ഗ്രാമവാസികളുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് ചോല വനമേഖലയിലേക്ക് കാട്ടുതീ പടരുന്നത് തടയാനായി. കൊട്ടാക്കമ്പൂരിന് സമീപമുള്ള ബ്ലോക്ക് നമ്പർ 58ൽ തട്ടപ്പാറ ഭാഗത്തുള്ള സ്വകാര്യ ഭൂമിയിലാണ് കാട്ടുതീ പടർന്നത്. തിങ്കളാഴ്ച വൈകിട്ടോടെ പടർന്ന കാട്ടുതീ രാത്രി 10ന് നിയന്ത്രണ വിധേയമാക്കാനായി. ഒരാഴ്ചയ്ക്ക് മുമ്പ് വട്ടവട പഞ്ചായത്തിലെ കടവരി, ജണ്ടാമല, പഴത്തോട്ടം മേഖലയിൽ ചോലക്കാടുകൾക്ക് സമീപത്തായി വ്യാപകമായി കാട്ടുതീ പടർന്നിരുന്നു. പത്തു ദിവസത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കഠിനശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. ഇവിടെയും സ്വകാര്യ ഗ്രാന്റീസ് തോട്ടങ്ങളിൽ നിന്നുമാണ് കാട്ടുതീ വന മേഖലയിലേക്ക് പടർന്നത്. മൂന്ന് സ്വകാര്യ ഭൂ ഉടമകളുടെ പേരിൽ വനം വകുപ്പ് കേസെടുത്തു. ആരെങ്കിലും മനപൂർവ്വം തീയിട്ടതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.