ചെറുതോണി: തന്റെ ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നതിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയതായി ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സന്ദർഭത്തിൽ തന്നെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട് കൃത്യമായി പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ തെറ്റിദ്ധാരണ പരത്താൻ വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണം. തിരഞ്ഞെടുപ്പിന്റെ അന്തസത്തയും മാന്യതയും നിലനിർത്താൻ ഏവർക്കും ഉത്തരവാദിത്വമുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ടീക്കാറാം മീണയ്ക്കും വരണാധികാരിയായ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതായും ഉടൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.