ഇടുക്കി: കാർഷിക- തോട്ടം ജനതയുടെ സമ്മിശ്ര ഭൂമികയായ പീരമേടിന്റെ മനം കവർന്ന് ജോയ്‌സ് ജോർജ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അലകടലായി ഉയർന്ന ആവേശ തിരതള്ളലിൽ സ്വീകരണ കേന്ദ്രങ്ങൾ ജനനിബിഢമായി. വൈവിധ്യം നിറഞ്ഞ പരമ്പരാഗത ശൈലിയിലുള്ള സ്വീകരണം മുതൽ പുഷ്പാലംകൃതമായ പരിസ്ഥിതി സൗഹൃദമായ സ്വീകരണം വരെ ഉൾപ്പെടുന്നതായിരുന്നു പീരുമേട്ടിലെ സ്വീകരണ രീതി. ചൊവ്വാഴ്ചത്തെ പര്യടന പരിപാടിയോടെ പീരമേട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പൊതു പര്യടനം അവസാനിക്കുകയാണ്. പീരുമേടിന്റെ അതിർത്തി പ്രദേശമായ പെരുവന്താനത്ത് നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. രാവിലെ ഏഴിന് കേരളാ കോൺഗ്രസ് ചെയർമാൻ സ്‌കറിയ തോമസാണ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തത്. പെരുവന്താനം, കൊക്കയാർ, പീരമേട് ഏലപ്പാറ പഞ്ചായത്തുകളിലായിരുന്നു ചൊവ്വാഴ്ചത്തെ പര്യടനം. വൈകിട്ട് എട്ടിന് നാരകക്കുഴിയിൽ സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ ഇ.എസ്. ബിജിമോൾ എം.എൽ.എ, പി.എസ്. രാജൻ, ആർ. തിലകൻ, ജോസ് ഫിലിപ്പ്, ജോർജ് അഗസ്റ്റിൻ, ആന്റണി ആലഞ്ചേരി, കെ.ടി. ബിനു, എം.ജെ. വാവച്ചൻ, നിഷാന്ത് പി. ചന്ദ്രൻ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
ജോയ്‌സ് ഇന്ന് ദേവികുളത്ത്
ഇടുക്കി: അഡ്വ. ജോയ്‌സ് ജോർജ് ഇന്ന് ദേവികുളം മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഏഴിന് മുട്ടുകാട് നിന്നാണ് തുടക്കം. ബൈസൺവാലി പഞ്ചായത്തിലെ പര്യടനത്തിന് ശേഷം മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തും.