ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്നാർ- കുണ്ടള ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ എട്ടിന് തുറക്കുമെന്നും നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാകളക്ടർ അറിയിച്ചു. 17858.69 മീറ്ററാണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. മഴയെ തുടർന്ന് ജലനിരപ്പ് 1758.65 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ അഞ്ച് ക്യുമെക്‌സ് വെള്ളം തുറന്ന് വിടും.
അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു
ഇടുക്കി: ജില്ലയിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന അനധികൃത പ്രചാരണ സാമഗ്രികൾ സ്‌ക്വാഡ് നീക്കി. ഏലപ്പാറ കാറ്റാടിക്കവല റൂട്ടിൽ പശുപാറ കവലയ്ക്ക് സമീപം ട്രാൻസ്‌ഫോർമറിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ബോർഡുകളും ഉപ്പുതറ മൂന്നാം ഡിവിഷൻ റോഡിൽ ആനപ്പള്ളത്ത് റോഡിലെ കലുങ്കിലുണ്ടായിരുന്ന ചുവരെഴുത്തും എം.സി.സി ആന്റ് ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കി. കൈതക്കോട്, മങ്ങാട്ടുകവല, തൊടുപുഴ, മുട്ടം, ഷാപ്പുംപടി, തെക്കുംഭാഗം, തലയനാട്, കുട്ടപ്പൻകവല, കീരികോട്, ഗുരുനഗർ, ശങ്കരപ്പിള്ളി, ചുങ്കം, തുടങ്ങനാട്, മേത്തൊട്ടി, സ്വാമിക്കവല, പന്നിമറ്റം എന്നിവിടങ്ങളിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 426 പോസ്റ്ററുകൾ, 15 ഫ്ളക്‌സുകൾ, 76 കൊടികൾ, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 15 ഫ്ളക്‌സ് ബോർഡുകൾ എന്നിവയും മുട്ടം ഭാഗത്ത് ഫ്ളക്‌സ് ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മിഷന്റെ വെബ്‌സൈറ്റായ സി വിജിലിൽ രജിസ്റ്റർ ചെയ്ത പരാതി സ്‌ക്വാഡ് പരിശോധന നടത്തി പരാതി പരിഹരിച്ചു.
അപേക്ഷ തീയതി നീട്ടി
ഇടുക്കി: മേയ് 29ന് ആരംഭിക്കുന്ന അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 22വരെ നീട്ടി. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ആവശ്യമായ രേഖകൾ സഹിതം കട്ടപ്പന ഗവ. ഐ.ടി.ഐ ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04868 272216, 949552811.