കുമളി: പകലിലെ ചുട്ടുപൊള്ളുന്ന വെയിലിൽ തളരുന്നവർ വെെകുന്നേരങ്ങളിൽ ആശ്വാസം തേടുന്നത് തേക്കടി പുഷ്പമേള ഗ്രൗണ്ടിൽ. ഓരോ ദിവസവും ആയിരക്കണക്കിന് പേരാണ് മേള നഗരിയിൽ എത്തുന്നത്. ഗജവീരന്മാരുടെയും കാട്ടുപോത്തുകളുടെയും ജിറാഫിന്റെയും പ്രതിമകളുടെ മുന്നിൽ നിന്ന് സെൽഫിയും ഫോട്ടോയും എടുത്താണ് സായാഹ്നം ആസ്വദിക്കുന്നത്. കാശ്മീർ താഴ്‌വരകളെ അനുസ്മരിക്കുന്ന തരത്തിലാണ് ജമന്തിപുഷ്പങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ സ്വദേശിയും വിദേശിയുമായ പുഷ്പങ്ങൾ മേളയിലെത്തുന്നവർക്ക് ഹരം പകരുന്നു. കുമളി പഞ്ചായത്തും തേക്കടി ഹോർട്ടി അഗ്രികൾച്ചർ സൊസെെറ്റിയും മണ്ണാറത്തറ ഗാർഡൻസും സംയുക്തമായാണ് 13-ാമത് തേക്കടി പുഷ്പമേള സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും വെെകിട്ട് പ്രൊഫഷണൽ ഗ്രൂപ്പുകളുടെ കലാപരിപാടികളും നടക്കുന്നുണ്ട്. തേക്കടി സന്ദർശിക്കാനെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ സാന്നദ്ധ്യവും മേളയ്ക്ക് കൊഴുപ്പേകുന്നു.