തൊടുപുഴ: തൊടുപുഴയുടെ പ്രാന്ത പ്രദേശങ്ങളിൽ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പര്യടനം. പൊരിവെയിലിലും അണമുറിയാത്ത ആവേശം പകർന്ന് നൂറുകണക്കിന് ആളുകളാണ് ഗ്രാമപ്രദേശങ്ങളിൽ കാത്തു നിന്നത്. നൂറുകണക്കിന് പ്രവർത്തകരാണ് ഇരുചക്രവാഹനങ്ങളിൽ പ്ലക്കാർഡുകളുമായി വിജയാരവം മുഴക്കി തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിക്ക് അകമ്പടി സേവിച്ചത്. ഉച്ചയ്ക്ക് ശേഷം മഴയെത്തിയെങ്കിലും ആവേശം ചോരാതെയാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ ആനയിച്ചത്. ജനമനസുകൾ കീഴടക്കിയാണ് സ്ഥാനാർത്ഥി ഓരോ സ്വീകരണ കേന്ദ്രങ്ങളും പിന്നിട്ടത്. പര്യടനം മണിക്കൂറുകൾ വൈകിയിട്ടും സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് വിവിധ കേന്ദ്രങ്ങളിൽ കാത്തു നിന്നിരുന്നത്. രാവിലെ കുടയത്തൂർ പഞ്ചായത്തിലെ കോളപ്രയിൽ നിന്നായിരുന്നു പ്രചരണ പരിപാടികൾക്ക് തുടക്കമിടുന്നത്. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിൻ എം.എൽ.എ, അഡ്വ. എസ്. അശോകൻ, ജോയി തോമസ്, പ്രൊഫ. എം.ജെ. ജേക്കബ്, ജാഫർ ഖാൻ മുഹമ്മദ്, എ.പി. ഉസ്മാൻ, എൻ.ഐ. ബെന്നി, എം. മോനിച്ചൻ, പി.എൻ. സീതി, ജോസി ജേക്കബ്, ജോണി കുളമ്പിള്ളി, ഷാജി കാഞ്ഞമല, കെ.കെ. മുരളീധരൻ എന്നിവർ പങ്കെടുത്തു. തുടർന്ന് കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം, ഉടുമ്പന്നൂർ, വണ്ണപ്പുറം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വണ്ണപ്പുറം ടൗണിൽ പര്യടനം സമാപിച്ചു.