ഇടുക്കി: എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണന്റെ പീരുമേട് നിയോജകമണ്ഡലം പര്യടനത്തിന്റെ രണ്ടാം ദിവസം രാവിലെ വക്കേമലയിൽ നിന്ന് ആരംഭിച്ചു. സ്വീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് സെബാസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. കൊളുന്തിന്റെ വിലതകർച്ച മൂലം അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന തേയില ഫാക്ടറികളും അത് മൂലം തൊഴിൽ നഷ്ടപെട്ട തൊഴിലാളികളും ഏറെയുള്ള മണ്ഡലമാണ് പീരുമേടെന്ന് ചടങ്ങിൽ സംസാരിച്ച ബിജു കൃഷ്ണൻ പറഞ്ഞു. എന്നാൽ ഇവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനോ അടിസ്ഥാന വില നിശ്ചയിക്കാനോ കേരള സർക്കാർ തയാറായിട്ടില്ല. ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറുന്ന ഒരു സർക്കാരിനോ അതിന്റെ പിന്തുടർച്ചക്കാരായ ജനപ്രധിനിധികൾക്കോ സാധാരണക്കാരുടെ പ്രശ്ങ്ങൾ മനസിലാക്കാനോ അതിന് പരിഹാരം കാണാനോ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ ജന:സെക്രട്ടറി ഷാജി നെല്ലിപ്പറമ്പൻ മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് ജില്ലാ ജന:സെക്രട്ടറി രാജേന്ദ്രലാൽ ദത്ത്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.പി. സാനു, ബി.ജെ.പി സംസ്ഥാന സമിതി അംഗം ഗീതാകുമാരി, ബി.ജെ.പി ജില്ലാ സെക്രട്ടറി ജയകമാർ എന്നിവർ പങ്കെടുത്തു.