കാഞ്ഞാർ: ആയിരക്കണക്കിന് ജനങ്ങളുടെ ശുദ്ധജല സ്രോതസായ മലങ്കര ജലാശയത്തോട് ചേർന്ന് ടാങ്കർ ലോറിയിൽ മാലിന്യം തള്ളിയ വാഹനമടക്കം ഒരാളെ കാഞ്ഞാർ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി പത്തരയോടെ തൊടുപുഴ- മൂലമറ്റം റോഡിലെ അറക്കുളം സെന്റ് ജോസഫ്സ് കോളേജിന് മുന്നിലാണ് സംഭവം. റോഡരികിൽ നിറുത്തിയ വാഹനത്തിൽ നിന്ന് പൈപ്പ് വഴി ജലാശയത്തോട് ചേർന്നുള്ള ചതുപ്പിലേക്ക് മാലിന്യം തുറന്ന് വിടുകയായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഇതുവഴിയെത്തിയ നാട്ടുകാർ വാഹനം പരിശോധിച്ചു. ഇവർ വിവരമറിയച്ചതിനെ തുടർന്ന് എസ്.ഐമാരായ ജോസ് സെബാസ്റ്റ്യൻ, പി.ആർ. അലി എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. ഡ്രൈവർ അറക്കുളം കാവുംപടി റാവുത്തർ കോളനിയിൽ താമസിക്കുന്ന പടിഞ്ഞാറേയിൽ രാമൻ എന്ന രാജീവിനെ അറസ്റ്റ് ചെയ്തു. ഇതിനുള്ളിൽ ടാങ്കറിലെ പാതി മാലിന്യം ചതുപ്പിലേക്ക് ഒഴുക്കിയിരുന്നു. ആലപ്പുഴ നൂറനാട് സ്വദേശി മുനീറിനാണ് വാഹനത്തിന്റെ ഉടമ. അടിമാലിയിലെ ഹോട്ടലിൽ നിന്നുള്ള മാലിന്യമാണെന്ന് ഡ്രൈവറും ഉടമയും പൊലീസിനോട് പറഞ്ഞു. അറക്കുളം ഹെൽത്ത് ഇൻസ്‌പെക്ടർ സിജോയും സംഘവും ടാങ്കർ ലോറിയും മാലിന്യം തള്ളിയ ഭാഗവും പരിശോധിച്ചു. വാഹനവും ഡ്രൈവറെയും കോടതിയിൽ ഹാജരാക്കി. ജലാശയത്തിലേക്ക് വ്യാപിച്ച മാലിന്യം നിർവീര്യമാക്കാൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങി.