ചെറുതോണി: പ്രളയത്തെ തുടർന്ന് നശിച്ച വ്യാപാര സ്ഥാപനം പുനർനിർമിക്കുന്നത് റവന്യൂ അധികൃതർ തടഞ്ഞതിനെതിരെ വ്യാപക പ്രതിഷേധം. അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്ന് ചെറുതോണിയിലെ അമ്പതിലധികം കടകൾ പൂർണമായും തകർന്നിരുന്നു. ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് പാലസ് ഹോട്ടൽ ഉടമയായിരുന്ന ആലയ്ക്കൽ തങ്കച്ചനാണ്. മൂന്നു നില കെട്ടിടത്തിൽ ഹോട്ടൽ നടത്തുകയായിരുന്നു തങ്കച്ചൻ. സമീപത്ത് ഒരു മുറി വാടകയ്ക്കും നൽകിയിരുന്നു. പ്രളയത്തിൽ രണ്ട് കെട്ടിടങ്ങളും ഉപകരണങ്ങളും നഷ്ടപ്പെട്ടു. തങ്കച്ചന് മാത്രം ഒരു കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കടയിരുന്ന സ്ഥലത്ത് ഒരു തട്ടുകട ആരംഭിക്കുന്നതിന് പൈപ്പ് ഉപയോഗിച്ച് ഷെഡ് നിർമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനകം നിർമാണം പൂർണമായും പൊളിച്ചു മാറ്റിയില്ലങ്കിൽ റവന്യൂ ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റുമെന്നായിരുന്നു അറിയിപ്പ്. തുടർന്ന് വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനവും കടയ്ക്ക് മുമ്പിൽ യോഗവും ധർണയും നടത്തി. പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പൊലീസും എ.ഡി.എമ്മും എത്തിയതോടെ ടൗൺ സംഘർഷഭരിതമായി. പഞ്ചായത്ത് പ്രസിഡന്റ് റിൻസി തോമസ് പ്രശ്‌നം പരിഹരിക്കുന്നതിന് എ.ഡി.എമ്മിനെയും ജില്ലാ കളക്ടറെയും ബന്ധപ്പെട്ടെങ്കിലും പൊളിച്ചുമാറ്റണമെന്ന് തന്നെ ഇരുവരും ആവശ്യപ്പെട്ടതിനെ തുടർന്ന് കൂടുതൽ വ്യാപാരികളെത്തി. പ്രശ്‌നം രൂക്ഷമായതിനെ തുടർന്ന് തത്കാലം ഉദ്യോഗസ്ഥർ പിൻമാറുകയായിരുന്നു.
സ്ഥാപനം ആരംഭിക്കാതെ കടം വീട്ടുന്നതിനും തുടർന്ന് ജീവിക്കുന്നതിനും മാർഗമില്ലെന്ന് തങ്കച്ചൻ പറയുന്നു. തന്റെ ആകെയുള്ള സമ്പാദ്യം കടയിരുന്ന സ്ഥലം മാത്രമാണ്. ഇവിടെയൊരു തട്ടുകടയെങ്കിലും തുടങ്ങാൻ അനുവദിക്കണമെന്നാണ് തങ്കച്ചന്റെ ആവശ്യം. കടകൾ നശിച്ച ഒരു വ്യാപാരിക്ക് പോലും സർക്കാർ സഹായം നൽകിയിട്ടില്ല. ഇവരുടെ നഷ്ടം വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥരാരും എത്തിയിട്ടുമില്ല. വ്യാപാര സ്ഥാപനം നഷ്ടപ്പെട്ട പലരും ഇന്ന് പട്ടിണിയിലാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ നശിച്ചവർക്ക് അമ്പതിനായിരം രൂപവരെ ധനസഹായം നൽകിയിരുന്നു.
തങ്കച്ചൻ നിർമിക്കുന്ന തട്ടുകട പൊളിച്ചു നീക്കാൻ അനുവദിക്കില്ല. പൊളിക്കാനുള്ള നീക്കമുണ്ടായാൽ ചെറുതോണിയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ട് പ്രതിഷേധിക്കും.
- വിനു പി.തോമസ് (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്)