അടിമാലി: അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോർജ്ജിനെതിരെ അവിശ്വാസം പാസായി. 10നെതിരെ 11 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. ഇതോടെ ആറ് മാസം നീണ്ട ഇടത് ഭരണത്തിന് വിരാമമായി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രവീൺ വാസുവാണ് യോഗം നിയന്ത്രിച്ചത്. കഴിഞ്ഞ ദിവസം നടന്ന വൈസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചിരുന്നു. 21 അംഗ അടിമാലി പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫ്- 10, എൽ.ഡി.എഫ്- 9,സ്വതന്ത്രർ- 2 എന്നിങ്ങനെയാണ് കക്ഷിനില. തുടക്കത്തിൽ ബിനുചോപ്ര യു.ഡി.എഫിന് ഒപ്പമായിരുന്നു. അന്ന് പ്രസിഡന്റായിരുന്ന സ്മിത മുനിസ്വാമിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ ബിനുചോപ്ര എൽ.ഡി.എഫിനൊപ്പം ചേർന്നു. അവിശ്വാസം ചർച്ചയ്ക്കെടുക്കുന്ന ദിവസം സ്മിത മുനിസ്വാമി മെമ്പർ സ്ഥാനവും പ്രസിഡന്റ് സ്ഥാനവും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നു. ഇതോടെ 11 അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫിലെ ശ്രീജ ജോർജ്ജ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുകയും സ്വതന്ത്ര അംഗം എം.പി. വർഗീസ് യു.ഡി.എഫിന് പിന്തുണ നൽകുകയും ചെയ്തതോടെ ഭരണപക്ഷമായ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. തുടർന്നാണ് യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര അംഗം എം.പി. വർഗീസ് വൈസ് പ്രസിഡന്റായത്. യു.ഡി.എഫ് പാർലമെന്റ് പാർട്ടി ലീഡർ എം.ബി. മക്കാരിന്റെ നേത്യത്വത്തിലാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

മാങ്കുളത്തും ഭരണം പിടിക്കാൻ യു.ഡി.എഫ്

മാങ്കുളം പഞ്ചായത്തിലും ഭരണം തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. മാങ്കുളത്ത് കഴിഞ്ഞ തിരഞ്ഞടുപ്പിൽ ഒരംഗത്തിന്റെ ലീഡ് യു.ഡി.എഫിന് ഉണ്ടായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസിലെ അംഗത്തെ രാജിവെപ്പിച്ചാണ് എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. ഇവിടെ സി.പി.എം അംഗം രാജിവെച്ചതോടെ സി.പി.എം പ്രധിരോധത്തിലാണ്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്താനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്‌.