തൊടുപുഴ: മോദിയോട് എനിക്ക് ഒന്നേ പറയാനുള്ളൂ, കേരളം ശ്രീനാരായണ ഗുരുവിന്റെ നാടാണെന്ന് മറക്കരുതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടി തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുവും സ്വാമി വിവേകാനന്ദനും പറഞ്ഞപോലെ പല പുഴകൾ ഒരുമിച്ച് സമുദ്രത്തിൽ ചേരുന്ന പോലെ വ്യത്യസ്തമായ മതചിന്താധാരകളും ആചാരങ്ങളുമെല്ലാം ഒരുമിച്ച് ചേരുന്നത് മാനവികതയെന്ന മഹാസമുദ്രത്തിലാണ്. ഈ മഹത്തായ മാനവികത നിലനിറുത്തുന്നതിന് ബി.ജെ.പിയെ ഒരിക്കലും മടങ്ങി വരാൻ കഴിയാത്ത വിധത്തിൽ പരാജയപ്പെടുത്തണം. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജയിക്കുകയെന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ എം.പിയായിരുന്ന ജോയ്സ് ജോർജ്ജ് ഇത്തവണയും പാർലമെന്റിലേക്ക് തിരിച്ചുവരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പരിസ്ഥിതി വിഷയങ്ങളിലെ വിദഗ്ദ്ധനായാണ് ജോയ്സ് പാർലമെന്റിൽ അറിയപ്പെട്ടിരുന്നത്. പരിസ്ഥിതി- കർഷക വിഷയങ്ങളിൽ സംസാരിക്കാൻ ഇടതുപക്ഷത്ത് നിന്നുള്ള പാർലമെന്റ് അംഗങ്ങൾ ഏറ്റവുമധികം ആശ്രയിച്ചിരുന്നത് ജോയ്സിനെയായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പാർലമെന്റിൽ ജോയ്സിന്റെ ശബ്ദം ഉയരേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ തവണ ജോയ്സ് വിജയിച്ചതിനേക്കാൾ പ്രാധാന്യം ദേശീയ രാഷ്ട്രീയത്തിൽ ഈ തിരഞ്ഞെടുപ്പിനുണ്ട്. ആർ.എസ്.എസിന്റെ വർഗീയ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭരണഘടനയെ ആക്രമിക്കുന്നു. ഭരണഘടന തിരുത്തി മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ ഇല്ലായ്മ ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം. ഭരണഘടന നിലനിറുത്തുന്നതിന് വേണ്ടി ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വിജയിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിൽ ബി.ജെ.പി പറയുന്നത് ആർക്കുവേണമെങ്കിലും ബീഫ് കഴിക്കാമെന്നാണ്. എന്നാൽ ഉത്തരേന്ത്യയിൽ ബീഫ് ഫ്രിഡ്ജിൽ സൂക്ഷിച്ചതിന്റെ പേരിൽ ആളെ തല്ലികൊല്ലുന്നു. കർഷക ആത്മഹത്യ ഉണ്ടാകില്ലെന്നും ഉത്പാദനചെലവിന്റെ ഒന്നരഇരട്ടി കർഷകർക്ക് ഉറപ്പുവരുത്തുമെന്നുമായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാൽ മോദി ഭരണത്തിൽ കർഷക ആത്മഹത്യകൾ വർദ്ധിച്ചു, കാർഷികപ്രതിസന്ധി മുമ്പത്തേക്കാൾ രൂക്ഷമായി. പത്ത് കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഏറ്റവും അവസാനത്തെ കണക്കുകൾ പ്രകാരം 48 വർഷത്തെ ഏറ്റവും രൂക്ഷമായ തൊഴിൽ ഇല്ലായ്മയാണ് ഇപ്പോഴുള്ളത്. ജി.എസ്.ടിയും നോട്ട് നിരോധനവും മൂലം നിലവിലുണ്ടായിരുന്ന 50 ലക്ഷം തൊഴിലുകളാണ് നഷ്ടമായത്. നിരവധി പേർ ജോലി ചെയ്യുന്ന ചെറുകിട സംരഭം തകർന്നു. മോദിയുടെ സുഹൃത്തക്കൾ ലക്ഷക്കണക്കിന് കോടി രൂപയുടെ ബാങ്ക് വായ്പയെടുത്ത് രാജ്യത്ത് നിന്ന് രക്ഷപ്പെട്ടു. മുമ്പ് ഒരു മോദിയായിരുന്നെങ്കിൽ ഇന്ന് നീരവ് മോദി, ലളിത് മോദി തുടങ്ങി നിരവധി മോദിമാരുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. ഒരു ഭാഗത്ത് വിദേശത്ത് നിന്ന് വിമാനങ്ങൾ വാങ്ങാൻ അംബാനിയെന്ന സുഹൃത്തിനെ മോദി ആശ്രയിക്കുമ്പോൾ മറുഭാഗത്ത് വിമാനത്താവളം സ്വകാര്യവത്കരിക്കാൻ ഏൽപ്പിച്ചിരിക്കുന്നത് അദാനിയെയാണ്. 5.55 ലക്ഷം കോടി രൂപയുടെ ശതകോടീശ്വരന്മാരുടെ കടങ്ങളാണ് എഴുതിതള്ളിയത്. എന്നാൽ നമുക്ക് ഭക്ഷണം തരുന്ന കൃഷിക്കാരുടെ കടങ്ങൾ എഴുതി തള്ളാൻ കേന്ദ്രസർക്കാരിന് പണമില്ല. കേരളമോഡലിൽ അഭിമാനം കൊള്ളുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി എൽ.ഡി.എഫിന് വോട്ടു ചെയ്യണമെന്ന് തന്നെയാണ് പരോക്ഷമായി ആഹ്വാനം ചെയ്യുന്നത്. കേരളം മാതൃകാ സംസ്ഥാനമാണെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി കേരളത്തെ ഈ വിധത്തിൽ മാറ്റിമറിച്ചത് ആരാണെന്നു കൂടി വ്യക്തമാക്കണം. കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് എന്തിനെന്നും വ്യക്തമാക്കാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട്. കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണോ ഇടതുപക്ഷമാണോയെന്ന് രാഹുൽ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.