രാജാക്കാട്: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം 'ഇടുക്കിയ്‌ക്കൊപ്പം ഇടതുപക്ഷം' എന്ന വീഡിയോ ആൽബം പ്രകാശനം ചെയ്തു. എൽ.ഡി.എഫ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മറ്റിയാണ് വീഡിയോ സി.ഡി പുറത്തിറക്കിയത്. ജോയിസ് ജോർജിന്റെയും വൈദ്യുതി മന്ത്രി എം.എം. മണിയുടെയും നേതൃത്വത്തിൽ ഉടുമ്പൻചോല മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ പ്രതിപാദിച്ചാണ് വീഡിയോ ആൽബം പുറത്തിറക്കിയിരിക്കുന്നത്. നെടുങ്കണ്ടം ജില്ലാ ആശുപത്രി, ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളജ്, പൂപ്പാറ ആർട്സ് ആൻഡ് സയൻസ് കോളേജ്, വിവിധ റോഡുകളുടെ വികസനം, സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കായി നിർമ്മിച്ച കെട്ടിടങ്ങൾ, പ്രളയ പുനരധിവാസം, ഇ.എസ്‌.ഐ വിഷയത്തിലെ ഇടപെടൽ പട്ടയം തുടങ്ങി വിവിധ പദ്ധതികൾ വീഡിയോയിൽ പ്രതിപാദിക്കുന്നു. മൂവാറ്റുപുഴ പൈങ്ങോട്ടൂർ ബോയ്സാണ് ഗാനങ്ങളുടെ രചനയും സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത്. ആറ് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് പ്രചരണ പരിപാടികളും ഉൾപ്പെടുത്തിയാണ് ആൽബം പൂർത്തീകരിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി ഗാനങ്ങൾ ജനങ്ങളിലെത്തിയ്ക്കും. എൽ.ഡി.എഫ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി പി.എൻ. വിജയൻ പ്രകാശനം നിർവഹിച്ചു. എൽ.ഡി.എഫ് നേതാക്കാളായ പി.കെ. സദാശിവൻ, ദോസ് പൊട്ടംപ്ലാക്കൽ, എംജെ ജേക്കബ്, കെ.എം ശശിധരൻ എന്നിവർ പ്രസംഗിച്ചു.