ഇടുക്കി: അഖില കേരളാ വിശ്വകർമ്മ മഹാസഭ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോയ്സ് ജോർജിന് പിന്തുണ പ്രഖ്യാപിച്ചതായി ഇടുക്കി താലൂക്ക് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്താകെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. വിശ്വകർമ്മജർ ഉൾപ്പെടുന്ന പരമ്പരാഗത കൈത്തൊഴിൽ മേഖലയ്ക്ക് 10 കോടി രൂപ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു. ഇതാദ്യമായാണ് സർക്കാർ ബഡ്ജറ്റിലൂടെ വിശ്വകർമ്മജരെ സംരക്ഷിക്കുന്നതിനായി തുക വകയിരുത്തുന്നത്. ഇടുക്കി മണ്ഡലത്തിൽ അഡ്വ. ജോയ്സ് ജോർജിന്റെ വിജയത്തിനായി വിശ്വകർമ്മ മഹാസഭയുടെ പ്രവർത്തകർ രംഗത്തിറങ്ങും. വിശ്വകർമ്മജരുടെ പിന്തുണയോടെ ജോയ്സ് മികച്ച വിജയം നേടുമെന്നും വിശ്വകർമ്മ മഹാസഭ ഇടുക്കി താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എം. ബിജു, സെക്രട്ടറി വി.കെ. ഷൈജു എന്നിവർ പറഞ്ഞു.