ചെറുതോണി: എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ ഭൂരിപക്ഷം വർദ്ധിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. ഏഴ് മണ്ഡലങ്ങളിലും ലീഡ് നില ഉയരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ട ദേശീയ സംസ്ഥാന രാഷ്ട്രീയവും മണ്ഡലത്തിലെ വികസന പ്രശ്നങ്ങളും ഉപേക്ഷിച്ച് പകയുടെയും വ്യക്തിഹത്യയുടെയും രാഷ്ട്രീയമാണ് യു.ഡി.എഫ് ഉപയോഗിച്ചത്. ഒരു നുണ ആവർത്തിച്ച് പറഞ്ഞാൽ അത് ശരിയാണെന്ന് കരുതുമെന്ന അബദ്ധ ധാരണയിൽ പെരും നുണകൾ പ്രചരിപ്പിച്ചുള്ള ഗീബൽസിയൻ തന്ത്രമാണ് യു.ഡി.എഫ് മെനഞ്ഞത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെയും കുടുംബാംഗങ്ങളെയും വരെ അപമാനിക്കുന്ന തരത്തിൽ വ്യക്തിഹത്യ ചെയ്യുകയും വിവരാവകാശ രേഖ എന്ന നിലയിൽ വ്യാജ രേഖകൾ ഉണ്ടാക്കി സമ്മദിദായകരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കവുമാണ് യു.ഡി.എഫ് നടത്തിയത്. ഇതിനെല്ലാം എതിരെ ജനങ്ങൾ 23ന് വിധിയെഴുതും. കഴിഞ്ഞ 20 വർഷത്തിനിടയിൽ അഞ്ച് വർഷം മാത്രമാണ് ഇടുക്കിയിൽ കോൺഗ്രസ് എം.പി ഉണ്ടായിട്ടുള്ളൂ. 15 വർഷവും എൽ.ഡി.എഫ് എം.പിമാരായിരുന്നു. ഇടയ്‌ക്കൊന്ന് കയ്യബദ്ധം വന്നത് മൂലം ഗാഡ്ഗിൽ കസ്തൂരിരംഗൻ കമ്മിഷനുകളെ വച്ച് ജനങ്ങൾക്കെതിരായി റിപ്പോർട്ട് ഉണ്ടാക്കി മലയോര ജനതയെ ആട്ടിപ്പായിക്കാൻ നോക്കി. ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാനും ജനങ്ങളുടെ ആവശ്യങ്ങൾ അറിയാനും ഇപ്പോഴും കോൺഗ്രസ്സിന് കഴിയുന്നില്ലെന്നതിന്റെ തെളിവാണ് ഡി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനകൾ തെളിയിക്കുന്നത്. ആരെങ്കിലും എം.പിമാരാകാൻ വേണ്ടി വന്നാൽ അവർക്ക് വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞെന്നും വ്യക്തമായ ബോധ്യത്തിന്റെയും നിലപാടുകളുടെയും അടിസ്ഥാനത്തിൽ ജനങ്ങൾ തീരുമാനമെടുത്തു കഴിഞ്ഞെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ പറഞ്ഞു.