car
അപകടത്തിൽ തകർന്ന കാർ

രാജാക്കാട്: മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന നെടുങ്കണ്ടം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ പെരുമ്പാവൂരിന് സമീപം നിറുത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിലിടിച്ച് രണ്ട് കുട്ടികളടക്കം നാല് പേർക്ക് പരിക്കേറ്റു. നെടുങ്കണ്ടം മാവടി പടിഞ്ഞാറേക്കൂറ്റ് ആന്റോ, ഭാര്യ സവിത, ഇവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ്, ആന്റോയുടെ ജ്യേഷ്ഠൻ ടൈറ്റസിന്റെ മകൻ മാണി എന്നിവർക്കാണ് പരിക്കേറ്റത്. രാജഗിരി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ആന്റോയുടെയും മാണിയുടെയും നില ഗുരുതരമാണ്. ഇന്നലെ പുലർച്ച ഒന്നിന് ശേഷം പെരുമ്പാവൂർ ആശ്രമം സ്‌കൂൾ പരിസരത്താണ് അപകടം നടന്നത്. ആന്റോ ഓടിച്ചിരുന്ന മാരുതി കാർ റോഡരികിൽ നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. ഉള്ളിൽ കുടുങ്ങിയ ഇവരെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ഒരു ടാക്സി വാഹനത്തിൽ കയറ്റി രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റ ആന്റോയുടെയും മാണിയുടെയും നില ഗുരുതരമായി തുടരുകയാണ്. ചോര വാർന്ന നിലയിലായിരുന്ന ഇവരെ ആശുപത്രിയിൽ എത്തിയ്ക്കാൻ അതുവഴി വന്ന നിരവധി വാഹനങ്ങൾക്ക് നാട്ടുകാർ കൈ കാണിച്ചെങ്കിലും നിറുത്താതെ പോയി. പിന്നീട് എത്തിയ ടാക്സിയുടെ ഡ്രൈവറാണ് ഇവരെ കയറ്റിക്കൊണ്ട് പോയത്. അപകടകാരണം വ്യക്തമല്ല.