ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവൽക്കരണ വിഭാഗമായ ഇടുക്കി ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ വോട്ടർ ക്വിസ് മത്സരത്തിൽ കണ്ണൂരിൽ നിന്നുള്ള സൂര്യകുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇടുക്കി വാഴത്തോപ്പിലെ ജൂലിയൻ ജോസഫിനാണ് രണ്ടാം സ്ഥാനം.
വോട്ടർ സ്ലിപ് വിതരണം 21ന് പൂർത്തിയാക്കും
ഇടുക്കി: ബൂത്ത് വെലൽ ഓഫീസർമാർ 16 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ വോട്ടർസ്ലിപ് വിതരണം പൂർത്തിയാക്കും. ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ദിവസങ്ങളിൽ നിയന്ത്രണാധികാരികൾ ബി.എൽ.ഒമാർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു
.
അനധികൃത പ്രചാരണ സാമഗ്രികൾ നീക്കി
ഇടുക്കി: പന്നിമറ്റം, പൂമാല, ഇളംദേശം, ചീനിക്കുഴി, ചിലവ്, തട്ടക്കുഴ, കുന്നത്തുപാറ, ചിറ്റൂർ, അരീക്കുഴ, പാറ, മലങ്കര, പാറക്കടവ്, മുട്ടം, തുടങ്ങനാട്, കുമാരമംഗലം എന്നിവിടങ്ങളിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 437 പോസ്റ്ററുകൾ, 12 ഫ്ളക്സ് ബോർഡുകൾ, 64 കൊടികൾ എന്നിവയും സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 19 ഫ്ളക്സ് ബോർഡുകൾ എന്നിവയും നീക്കി. തുടങ്ങനാട്, മുട്ടം എന്നീ സ്ഥലങ്ങളിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റായ സി വിജിലിൽ രജിസ്റ്റർ ചെയ്ത പരാതിയെ തുടർന്ന് ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡുകൾ സ്ഥലപരിശോധന നടത്തി നീക്കി.
വോട്ട് ചെയ്യാൻ ശമ്പളത്തോടെ അവധി
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും തിരഞ്ഞെടുപ്പ് ദിനമായ 23ന് ശമ്പളത്തോടുകൂടി അവധി നൽകണമെന്ന് ലേബർ കമ്മിഷണർ ഉത്തരവിട്ടു. കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴിൽ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ദിവസവേതനക്കാർക്കും കാഷ്വൽ തൊഴിലാളികൾക്കും ഉത്തരവ് ബാധകമായിരിക്കും. സമ്മതിദാനം വിനിയോഗിക്കുന്നതിന് വേണ്ടി അവരവരുടെ നിയോജകമണ്ഡലങ്ങളിൽ പോകുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും വോട്ടു രേഖപ്പെടുത്തുവാൻ അവസരം നൽകണമെന്നും അന്നേ ദിവസത്തെ ശമ്പളം/ വേതനം തൊഴിലുടമകൾ നിഷേധിക്കാൻ പാടില്ലെന്നും ജില്ലാ ലേബർ ഓഫീസർ നവാസ് വി.കെ അറിയിച്ചു.