ഇടുക്കി: എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണന്റെ തൊടുപുഴ നിയോജക മണ്ഡല പര്യടനം ഇന്നലെ കുമാരമംഗലം, പാറ ജംഗ്ഷനിൽ നിന്നാരംഭിച്ചു. കാളിയാർ, വണ്ണപ്പുറം, മുളപ്പുറം, വണ്ടമറ്റം, നെയ്‌ശേരി, ഏഴല്ലൂർ, പൂച്ചപ്ര, ചെങ്കൽ സിറ്റി, ചീനിക്കുഴി, പന്നിമറ്റം, പാറ കവല, കൂവകണ്ടം, മലയിഞ്ചി, കരിമണ്ണൂർ, സ്വാമി കവല എന്നിവിടങ്ങളിലായിരുന്നു പര്യടനം. രാഹുൽഗാന്ധിയെ കേരളത്തിലെ സീറ്റിൽ മത്സരിപ്പിച്ചത് കൊണ്ടോ എൽ.ഡി.എഫുമായി ചേർന്ന് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയത് കൊണ്ടോ കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ലെന്ന് തൊടുപുഴയിലെ സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച ബിജു കൃഷ്ണൻ പറഞ്ഞു. ബി.ജെ.പി കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് കിരൺ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം ബി.ജെ.പി ജില്ലാ ജന:സെക്രട്ടറി കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. സോമൻ, ജനറൽ സെക്രട്ടറിമാരായ എം.എസ്. വിനയരാജ്, കെ.പി. രാജേന്ദ്രൻ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് വി. ജയേഷ്, ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.പി. സാനു, സംസ്ഥാന സമിതി അംഗം ഗീതാകുമാരി ടീച്ചർ എന്നിവർ പങ്കെടുത്തു.