വണ്ടിപ്പെരിയാർ: കുടിവെള്ള വിതരണ കേന്ദ്രത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഉൾപ്പെട്ട ആനക്കയം ഭാഗത്ത് നിന്നാണ് വാട്ടർ അതോറിട്ടി ടാങ്കിലേക്ക് വെള്ളം എത്തിക്കേണ്ടത്. എന്നാൽ ഇവിടത്തെ ഉപഭോക്തൃ സമിതി അംഗങ്ങൾ ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കാത്തതിനാൽ കഴിഞ്ഞ നാല് മാസക്കാലമായി പ്രവർത്തിച്ചു വരുന്ന പമ്പ് ഹൗസിൽ വൈദ്യുതിയില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. 1,40,000 രൂപയാണ് ആനക്കയത്ത് പ്രവർത്തിച്ചുവരുന്ന പമ്പ് ഹൗസിലെ വൈദ്യുതി ബില്ല് ഇനത്തിൽ മാത്രം വൈദ്യുതി വകുപ്പിൽ അടയ്‌ക്കേണ്ടത്. പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലായിരുന്നു വൈദ്യുതി കണക്ഷൻ. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ 1,00,000 രൂപ അടച്ചെങ്കിലും 39,962 രൂപ ബാധ്യതയായതോടെ മുഴുവൻ പണവും നൽകിയാൽ മാത്രമേ കണക്ഷൻ പുനഃസ്ഥാപിക്കാൻ കഴിയൂവെന്ന നിലപാട് വൈദ്യുതി വകുപ്പ് സ്വീകരിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഇതിനിടയിൽ ജലവിഭവ വകുപ്പ് ഇടപെട്ട് പുതിയ കണക്ഷൻ ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പിന് അപേക്ഷ നൽകിയെങ്കിലും കണക്ഷൻ ലഭിക്കാതെയായതോടെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് വൈദ്യുതി വകുപ്പ് ഓഫീസ് ഉപരോധിച്ചത്. തുടർന്ന് ഇരുകൂട്ടരുമായി നടത്തിയ അനുരഞ്ജന ചർച്ചയ്‌ക്കൊടുവിൽ കുടിശിഖ തുകയിൽ നിന്ന് 20,000 രൂപ നൽകാമെന്ന വ്യവസ്ഥയിൽ വൈദ്യുതി കണക്ഷൻ നൽകാൻ അധികൃതർ തയ്യാറായതോടെയാണ് സമരം ഒത്തുതീർപ്പായത്.