samaram
ജനകീയ സമരസമിതി ടാർ പ്ലാന്റിനു മുമ്പിൽ നടത്തുന്ന സമരം

പീരുമേട്: ജനവാസ മേഖലയിൽ സ്ഥാപിച്ച ഹോട്ട് ടാർ മിക്സിംഗ് പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മ നടത്തുന്ന റിലേ സത്യാഗ്രഹ സമരം 25 ദിവസം പിന്നിടുന്നു. കുട്ടിക്കാനം ഏലപ്പാറ റോഡിൽ ആഷ്‌ലി കവലയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റ് പരിസ്ഥിതിയ്ക്കും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഭീക്ഷണിയാകുമെന്ന് കാട്ടിയാണ് ജനകീയ സമരസമിതി ടാർ പ്ലാന്റിന് മുമ്പിൽ സമരം തുടങ്ങിയത്. സമരം തുടങ്ങി 25 ദിവസം പിന്നിടുമ്പോഴും പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ദേശീയ പാതയുടെ അറ്റകുറ്റപ്പണികൾക്കായി ടാർ മിക്സ് വേണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്ലാന്റ് ഉടമ ഹൈക്കോടതിയിൽ നിന്ന് താത്കാലിക പ്രവർത്തനാനുമതി നേടിയെടുത്തത്. എന്നാൽ വിധി മറികടന്ന് അനധികൃതമായി മറ്റ് സ്ഥലങ്ങളിലേയ്ക്ക് ടാർ കൊണ്ടു പോകുന്നതായി സമരസമിതി നേതാക്കൾ പറയുന്നു. മറ്റു സ്ഥലങ്ങളിലേക്ക് ടാർ മിക്സ് കൊണ്ടു പോയ ലോറി കഴിഞ്ഞ ദിവസം സമരക്കാർ തടഞ്ഞ് പീരുമേട് പൊലീസിന് കൈമാറിയിരുന്നു. ഇതിനെതിരെ പരാതികളും നൽകിയിട്ടുണ്ട്. സമര സമിതി നൽകിയ ഹർജിയിൽ ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ടാർ പ്ലാന്റിന് താത്കാലികമായി ലഭിച്ച പ്രവർത്തനാനുമതി 29ന് അവസാനിക്കും. ഹൈക്കോടതി അനുമതി തീരുന്ന മുറയ്ക്ക് പ്ലാന്റിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.