ചെറുതോണി: ഇടുക്കി ആർച്ച് ഡാമിന്റെ നിർമ്മാണ സമയത്ത് ജീവനക്കാരുടെയും തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിനായി വഞ്ചിക്കവലയിൽ ആരംഭിച്ച സെന്റ് ജോർജ്ജ് യു.പി സ്‌കൂൾ ഈ അദ്ധ്യയന വർഷം മുതൽ വിസ്മൃതിയിലാകും. ഗവ. ഹൈസ്‌കൂളിന്റെ കോമ്പൗണ്ടിനോട് ചേർന്ന് കെ.എസ്.ഇ.ബി അനുവദിച്ച താത്കാലിക കെട്ടിടത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ്ജ് യു.പി സ്‌കൂളിന്റെ അനക്സായാണ് സ്‌കൂൾ പ്രവർത്തനമാരംഭിച്ചത്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മറ്റ് യു.പി സ്‌കൂളുകൾ ഇല്ലാതിരുന്നതിനാൽ നിരവധി വിദ്യാർത്ഥികളുടെ ഏക ആശ്രയമായിരുന്നു ഈ സ്‌കൂൾ. ഒരേ കോമ്പൗണ്ടിൽ ഗവൺമെന്റ് സ്‌കൂളും മനേജ്‌മെന്റ് സ്‌കൂളും വന്നതിനാൽ സ്‌കൂളുകളുടെ പ്രവർത്തനത്തിൽ സങ്കേതിക തടസങ്ങളുന്നയിച്ച് ചില വ്യക്തികൾ കോടതിയെ മുൻ കാലയളവിലും സമീപിച്ചിരുന്നു. എന്നാൽ മുൻകാല ഗവൺമെന്റുകൾ സ്‌കൂളിന്റെ ആവശ്യകത മനസിലാക്കുകയും ഇതിനോട് ചേർന്ന് മറ്റൊരു സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം തുടരുന്നതിന് നിർദ്ദേശിക്കുകയുമായിരുന്നു. ഇതിനായി കളക്ടറുടെ സാന്നിദ്ധ്യത്തിൽ മീറ്റിംഗുകളും ചേർന്നിരുന്നു. എൽ.ഡി.എഫ് സർക്കാർ ഭരണത്തിലെത്തിയതോടെ പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുകയും കോടതി ഉചിതമായ തീരുമാനമെടുത്ത് അറിയിക്കാൻ സർക്കാരിനെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ മനേജ്‌മെന്റിന്റെ അഭ്യർത്ഥനയെ തുടർന്ന് മാർച്ച് 31 വരെ പ്രവർത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകുകയായിരുന്നു. ഇതോടെ നിരവധി വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ നൽകി ഉന്നത വിദ്യാഭ്യാസ രംഗങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്തിയ ആദ്യകാല സ്‌കൂളാണ് വാഴത്തോപ്പിലെ കുടിയേറ്റ കർഷകർക്ക് നഷ്ടമായത്. ഇനി നൂറിലധികം വിദ്യാർത്ഥികൾക്ക് ദൂരദേശങ്ങളിലുള്ള മറ്റ് സ്‌കൂളുകളെ ആശ്രയിക്കേണ്ടി വരും. വഞ്ചിക്കവല ചെറുതോണി മേഖലയിലെ ക്രൈസ്തവ കുടുംബങ്ങൾ ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയ്ക്കായി സൗകര്യമൊരുക്കിയിരുന്നതും ഈ സ്‌കൂളിലെ ക്ലാസ് റൂമുകൾ ക്രമീകരിച്ച് ഹാളാക്കി മാറ്റിയായിരുന്നു.