തൊടുപുഴ: ദിവസങ്ങളോളം കൊടുംചൂടിൽ വെന്തുരുകിയ തൊടുപുഴ നിവാസികൾക്ക് ആശ്വാസമായി നഗരത്തിലും പരിസരപ്രദേശങ്ങളിലും ശക്തമായ വേനൽ മഴ ലഭിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ പെയ്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിയുമുണ്ടായിരുന്നു. മഴയ്ക്ക് മുമ്പ് വരെ നഗരത്തിൽ കടുത്ത വെയിലും ഉഷ്ണവുമായിരുന്നു. ചൂട് പേടിച്ച് ആളുകൾ പുറത്തിറങ്ങാൻ തന്നെ മടിച്ചിരുന്നു. എന്നാൽ മൂന്നരയായതോടെ ആകാശം കറുത്തിരുണ്ട് ശക്തമായി മഴ പെയ്യുകയായിരുന്നു. 3.45 ഓടെ തുടങ്ങിയ മഴ 4.30 വരെ നീണ്ടു നിന്നു. ജില്ലയിൽ മറ്റ് പല പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ ലഭിച്ചിരുന്നെങ്കിലും തൊടുപുഴയിൽ ഇത്ര ശക്തമായ മഴ പെയ്യുന്നത് മാസങ്ങൾക്ക് ശേഷമാണ്. ചൂടിന് ഒരു പരിധി വരെ മഴ ശമനമേകിയെങ്കിലും ശക്തമായ കാറ്റ് പരക്കെ നാശനഷ്ടമുണ്ടാക്കി. പലയിത്തും മരങ്ങൾ കട പുഴകി വീണ് ഗതാഗത തടസമുണ്ടാക്കി. തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ തണൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്ക് കേടുപാടുകളുണ്ടായി. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ മേൽക്കൂരയുടെ ഷീറ്റ് കാറ്റത്ത് പറന്ന് പോയി. പാറക്കടവ്, കോതായിക്കുന്ന് റോഡ്, മഞ്ഞക്കടമ്പ്, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, സിൻഡിക്കേറ്റ് ബാങ്ക് എന്നിവിടങ്ങളില്ലെല്ലാം നഗരത്തിൽ മരത്തിന്റെ ചില്ലകൾ ഒടിഞ്ഞു വീണു. ആർക്കും പരിക്കോ മറ്റ് സാരമായ നാശനഷ്ടങ്ങളോ ഉണ്ടായില്ല. മഞ്ഞക്കടമ്പിൽ വൈദ്യുതി ലൈനും പൊട്ടിവീണു. വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ കാറ്റിൽ പറന്നു. പലയിടത്തും വ്യാപകമായി കൃഷി നശിച്ചു. ലൈനുകൾ പൊട്ടി വീണതിനാൽ ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി. പലരുടെയും വൈദ്യുതി ഉപകരണങ്ങളും ഇടിമിന്നലിൽ നശിച്ചു.

വെള്ളിയാമറ്റത്ത് അഞ്ച് വീടുകൾ തകർന്നു

വെള്ളിയാമറ്റത്ത് ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണ് അഞ്ച് വീടുകൾ തകർന്നു. ചൊവ്വാഴ്ച രാത്രിയിൽ വെള്ളിയാമറ്റം കറുകപ്പള്ളി ഭാഗത്തു ഉണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് അഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വടക്കേമുള ഞാനാൽ വിത്സൺ മാത്യു, കോതച്ചേരിൽ സെബാസ്റ്റ്യൻ, കാക്കത്തുരുത്തേൽ മാത്യു, ഡിന്റോ മണ്ടപത്തിൽ, ജോസഫ് മണിയംചിറ എന്നിങ്ങനെ അഞ്ചോളം കുടുംബങ്ങളുടെ വീടുകളും കൃഷിയും നശിച്ചത്. ഇതിൽ വിത്സന്റെ വീടാണ് പൂർണമായും തകർന്നത്. ഇവരുടെ വീടിനു പുറകിൽ നിന്നിരുന്ന മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയ മരങ്ങളാണ് ശക്തമായ കാറ്റിൽ കടപുഴകിയത്. സാബു മണിമലകുടിയിൽ, രാജു ഓടയ്ക്കൽ എന്നിവരുടെ അഞ്ചേക്കറോളം കൃഷിയും കാറ്റിൽ നശിച്ചു.