തൊടുപുഴ: കുമാരമംഗലത്ത് ഉറങ്ങിക്കിടന്ന ഒന്നരവയസുകാരന്റെ ദേഹത്ത് കിടന്ന സ്വർണമാലയും അരഞ്ഞാണവും മോഷണം പോയി. കുമാരമംഗലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ മില്ലുംപടി ശാന്തിഭവനിൽ ഹരിദാസിന്റെ മകൻ രാഹുലിന്റെ ഒന്നരപവന്റെ മാലയും അരഞ്ഞാണവുമാണ് കവർന്നത്. സമീപവാസിയായ പഴുപ്ലാക്കൽ നാരായണന്റെ വീട്ടിൽ നിന്ന് ഒരു ലോക്കറ്റും മോഷണം പോയി. ഇന്നലെ പുലർച്ചെ നാലോടെ എത്തിയ കള്ളൻ ആദ്യം നാരായണന്റെ വീടിന്റെ വാതിലിന്റെ പൂട്ട് ഇളക്കിയ ശേഷം അകത്ത് കടന്നെങ്കിലും ഒരു ലോക്കറ്റ് മാത്രമാണ് ലഭിച്ചത്. തുടർന്നാണ് ഹരിദാസിന്റെ വീട്ടിലെത്തിയത്. ചൂട് കാരണം മുറിയുടെ ജനൽ തുറന്നിട്ടാണ് രാഹുലും കുടുംബവും ഉറങ്ങിയത്. ജനലിന് സമീപം കിടന്നുറങ്ങിയ കുഞ്ഞിന്റെ ആഭരണങ്ങൾ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. ഇതിനിടെ കുട്ടി കരഞ്ഞപ്പോൾ രാഹുലും ഭാര്യയും എഴുന്നേറ്റു. ഇതോടെ കള്ളൻ ഓടി രക്ഷപ്പെട്ടു. മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സമീപത്തെ വീടിന്റെ കാറിന് പിന്നിൽ ഒളിച്ചിരുന്നപ്പോഴാണ് ഇയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുണ്ടുപാലം തോട്ടിന് സമീപത്ത് നിന്ന് മോഷണത്തിന് ഉപയോഗിച്ച കട്ടർ കണ്ടെത്തി. പെരുമ്പിള്ളിച്ചിറയിലെ ഒരു വീട്ടിലും മോഷണശ്രമം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.