ഇടുക്കി: രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കേരളം ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ മനസ് ആർക്കൊപ്പമെന്ന് ഇനിയും വ്യക്തമല്ല. ഇവിടത്തെ കാറ്റ് തങ്ങൾക്ക് അനുകൂലമാണെന്ന് മൂന്ന് മുന്നണികളും ഒരുപോലെ അവകാശപ്പെടുമ്പോഴും അടിയുറച്ച പ്രവർത്തകരിൽ പോലും ആത്മവിശ്വാസക്കുറവ് ദൃശ്യം. ഒരാൾക്ക് പോലും മുൻതൂക്കം പ്രവചിക്കാനാവാത്തവിധം ഇഞ്ചോടിഞ്ച് പോരാട്ടം. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും പ്രചാരണത്തിൽ ഒന്നിനൊന്ന് മെച്ചമായാണ് മുന്നേറുന്നത്. ആദ്യം സ്ഥാനാർത്ഥിയെ നിശ്ചയിച്ച ഇടതുമുന്നണി പ്രചരണം നേരത്തെ ആരംഭിച്ചിരുന്നു. ബുധനാഴ്ച പൊതുപര്യടനം അവസാനിപ്പിച്ച ജോയ്സ് ജോർജ്ജ് ഇപ്പോൾ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും ഡീൻ കുര്യാക്കോസ് മത്സരരംഗത്തെത്തിയതോടെ യു.ഡി.എഫ് അതിവേഗം പ്രചരണത്തിൽ ഇടതിനൊപ്പമെത്തുന്ന കാഴ്ചയാണ് കണ്ടത്. സംഘപരിവാർ സംഘടനകളുടെ ശക്തമായ സംഘടനാസംവിധാനത്തിന്റെ കരുത്തിൽ എൻ.ഡി.എയും ശക്തമായ മുന്നേറ്റമാണ് നടത്തിയത്. കാര്യമായ വിവാദങ്ങളൊന്നുമില്ലാതെ ആരോഗ്യകരമായ പ്രചാരണമാണ് മുന്നണികൾ ഇതുവരെ നടത്തിയത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാന വിഷയം കസ്തൂരിരംഗനായിരുന്നെങ്കിൽ ഇത്തവണ പ്രളയവും കർഷകആത്മഹത്യകളുമാണ് മുഖ്യചർച്ച. എം.പിയുടെ അഞ്ച് വർഷത്തെ ഭരണനേട്ടങ്ങളും പാർലമെന്റിലെ മികച്ച പ്രകടനവുമാണ് എൽ.ഡി.എഫ് പ്രചാരണത്തിലുടനീളം ഉയർത്തികാണിച്ചത്. ഒപ്പം കോൺഗ്രസ് വന്നാൽ വീണ്ടും കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ഹൈറേഞ്ചിലെങ്ങും പ്രചരണം നടത്തി. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പിന്തുണ ഇത്തവണയും ജോയ്സിനുണ്ടെങ്കിലും, സമിതി കഴിഞ്ഞ തവണത്തെ പോലെ ശക്തമല്ലെന്നതാണ് ഇടതുമുന്നണിയെ കുഴയ്ക്കുന്നത്. സഭ നിഷ്പക്ഷ നിലപാട് സ്വീകരിച്ചത് തിരിച്ചടിയായി. ജില്ലയിൽ അഞ്ചുവർഷം സജീവമായിരുന്ന ജോയ്സിന്റെ പ്രവർത്തനമികവ് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരികെപ്പിടിക്കാൻ അരയും തലയും മുറുക്കി പോരാട്ടത്തിലാണ് എൽ.ഡി.എഫ്. എം.പിയുടെ ഭരണനേട്ടങ്ങൾ പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് തെളിയിക്കാൻ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണവേദികളിലെല്ലാം ശ്രമിച്ചു. പ്രളയാനന്തര പുനരധിവാസത്തിലെ പാളിച്ചകൾ ഉയർത്തി കാണിക്കാനും ജില്ലയിൽ തുടർക്കഥയായ കർഷക ആത്മഹത്യകളും ശക്തമായി പ്രചരിപ്പിച്ചു. നിലവിൽ കോൺഗ്രസിന് ജില്ലയിൽ ഒറ്റ എം.എൽ.എ പോലുമില്ലെന്നത് തിരച്ചടിയാണ്. കഴിഞ്ഞ തവണ പരാജയപ്പെട്ട ശേഷം ഡീൻ മണ്ഡലത്തിൽ സജീവമല്ലായിരുന്നെന്ന ആരോപണമുണ്ടായിരുന്നു. ഇടതുവലത് മുന്നണികൾക്കെതിരെ ഒരുപോലെ പ്രചരണമഴിച്ചുവിട്ടായിരുന്നു എൻ.ഡി.എയുടെ മുന്നേറ്റം. മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളും പര്യടനത്തിലുടനീളം പ്രചരിപ്പിച്ചു. ഈഴവരടക്കമുള്ള ഹിന്ദു വോട്ടുകൾ കാര്യമായുള്ള മണ്ഡലത്തിൽ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തിൽ ജയിച്ചുകയറാനാകുമെന്ന പ്രതീക്ഷയിലാണ് ബിജു കൃഷ്ണൻ.
ഏഴ് നിയമസഭാ മണ്ഡലങ്ങൾ
തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം, കോതമംഗലം, മൂവാറ്റുപുഴ
പ്രത്യേകത
കാർഷികമേഖലയായ ഇടുക്കിയിൽ റോമൻ കത്തോലിക്കരാണ് ഭൂരിപക്ഷം. തോട്ടംതൊഴിലാളികളായ തമിഴ് വംശജർ ഏറെയുണ്ട്. എന്നാൽ, മണ്ഡലത്തിൽ. ഈഴവ വോട്ടുകൾക്കും വലിയ സ്വാധീനമുണ്ട്.
ചരിത്രം
യു.ഡി.എഫ് അനുകൂല മണ്ഡലം. നാല് തവണ എൽ.ഡി.എഫിന് വിജയം
വോട്ടുനില (2014)
ജോയ്‌സ് ജോർജ് (എൽ.ഡി.എഫ് സ്വതന്ത്രൻ)- 3,82,019
ഡീൻ കുര്യാക്കോസ് (കോൺഗ്രസ്)- 3,31,477
സാബു വർഗീസ് (ബി.ജെ.പി)- 50,438