ചെറുതോണി: ജോയ്സ് ജോർജ് ചൊവ്വാഴ്ച മറയൂരിൽ പൊതു പര്യടനം അവസാനിപ്പിച്ച ശേഷം നേരെയെത്തിയത് തൊടുപുഴയിലേയ്ക്ക്. തൊടുപുഴയുടെ നഗരഭാഗങ്ങളിലും ചെപ്പുകുളം ഉൾപ്പടെയുള്ള ഗ്രാമപ്രദേശങ്ങളിലും ജോയ്സ് ഓട്ടപ്രദക്ഷിണം നടത്തി. സുഹൃത്തുക്കളെയും അഭിഭാഷകവൃത്തിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകരെയുമെല്ലാം ഒരുവട്ടം കൂടി കണ്ടു. ഒട്ടേറെ സ്ഥാപനങ്ങളിൽ ഓടിയെത്തി ഒരിക്കൽകൂടി പിന്തുണ ചോദിച്ചു. പര്യടന ദിവസങ്ങളിലെല്ലാം തൊടുപുഴയിൽ ജോയ്സിന് വൻ വരവേല്പാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്ന തൊടുപുഴയിലെ എൽ.ഡി.എഫ് നേതൃത്വവുമായും സ്ഥാനാർത്ഥി കൂടിക്കാഴ്ച നടത്തി. പ്രവർത്തന പുരോഗതി വിലയിരുത്തിയും തുടർ പ്രവർത്തനങ്ങൾ കൂട്ടായി ആശയവിനിമയം നടത്തിയുമാണ് പിരിഞ്ഞത്. പര്യടന വേളയിൽ പോകാൻ കഴിയാതിരുന്ന ചെപ്പുകുളത്തും സ്ഥാനാർത്ഥിയെത്തിയത് ജനങ്ങളിൽ വലിയ മതിപ്പുണ്ടാക്കി. വൈകിട്ടോടെ ഇടുക്കിയിലേയ്ക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ ദുഃഖ വെള്ളിയാഴ്ച ഇടവക പള്ളിയായ വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കും.