രാജാക്കാട് : വള്ളത്തിൽ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ ആനയിറങ്കൽ ജലാശയത്തിൽ വൃദ്ധൻ മുങ്ങി മരിച്ചു. സൂര്യനെല്ലി മുത്തമ്മ കോളനിയിലെ ചന്ദനലിംഗം(77) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ സൂര്യനെല്ലിയിലെ ബാങ്കിൽ നിന്നും പെൻഷൻ പണം പിൻവലിക്കുന്നതിനായി പോയിരുന്നു. പണം എടുത്തശേഷം കുട്ടികൾക്കുള്ള പലഹാരവും പഴങ്ങളും വാങ്ങി ആനയിറങ്കൽ ജലാശത്തിന്റെ മറുകരയിലെ പുതുപ്പരട്ടിലുള്ള ബന്ധുവിന്റെ വീട്ടിലേയ്ക്ക് ചെറുവളളത്തിൽ പോയി. രാത്രി വൈകിയും വീട്ടിൽതിരികെ എത്താതിരുന്നപ്പോൾ ബന്ധുവീട്ടിൽ തങ്ങിയിട്ടുണ്ടാകുമെന്ന് കുടുംബാംഗങ്ങൾ കരുതി. ഇന്നലെ രാവിലെയും വരാതിരുന്നതോടെ ബന്ധുവീട്ടിൽ അന്വേഷിച്ചപ്പോൾ രാത്രിയിൽ അവിടെനിന്നും മടങ്ങിപ്പോന്നതായി വ്യക്തമായി. ഇതേത്തുടന്ന് തിരച്ചിൽ നടത്തുന്നതിനിടെ ജലാശയത്തിൽ പുതുപ്പരട്ട് ഭാഗത്ത് ജലാശയത്തിൽ കരയോട് ചേർന്ന് മൃതശരീരം കിടക്കുന്നത് മത്സ്യത്തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. വള്ളത്തിൽ കടയിൽനിന്നും വാങ്ങിയ സാധനങ്ങളും കണ്ടെത്തി. കടവിൽ എത്തി വള്ളത്തിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി ഡാമിലെ കുഴിയിലേയ്ക്ക് വീണതാകാം മരണകാരണം എന്ന് കരുതുന്നു. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം മുത്തമ്മൻ കോളനിയ്ക്ക് സമീപത്തെ പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ മാരിയമ്മ. മക്കൾ: സുന്ദരരാജ്, സുന്ദരമൂത്തി. മരുമകൾ: ജീവ.