രാജാക്കാട്: പൊൻമുടി ജലാശയത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങവെ കാണാതായ പ്ളസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. എൻ.ആർ സിറ്റി വെട്ടുകല്ലുമ്മാക്കൽ സുകുമാരൻ- തങ്കമണി ദമ്പതികളുടെ മകൻ സുബീഷി(18) ന്റെ മൃതശരീരമാണ് ഫയർ ഫോഴ്സിന്റെ സ്‌കൂബാ സംഘം നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.
ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ സുഹൃത്തുക്കളായ വിവേക്, അഭിജിത്ത് എന്നിവർക്കൊപ്പം ജലാശയത്തിലെ പള്ളിക്കുന്ന് ഭാഗത്ത് കുളിയ്ക്കുന്നതിനായി എത്തിയതായിരുന്നു. വെള്ളംകുറഞ്ഞ ഭാഗത്ത് സുബീഷും വിവേകും കുളിക്കുന്നതിനിടെ കാൽ വഴുതി ആഴമുള്ള ഭാഗത്തേയ്ക്ക് താഴ്ന്നു. കരയിൽ ഇരിയ്ക്കുകയായിരുന്ന അഭിജിത്ത് ഇതുകണ്ട് വെള്ളത്തിലേയ്ക്ക് ചാടി രണ്ടുപേരെയും രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സുബീഷ് പിടിവിട്ട് മുങ്ങിത്താഴ്ന്നു. വിവേകിനെ രക്ഷപെടുത്തി കരയിൽ എത്തിച്ചപ്പോഴേയ്ക്കും സുബീഷിനെ കാണാതായിരുന്നു. ഇവരുടെ നിലവിളിയും ബഹളവും കേട്ട് എത്തിയ പ്രദേശവാസികൾ ഉടൻ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാജാക്കാട് പൊലീസും അടിമാലി ഫയർ ഫോഴ്സ് യൂണിറ്റും എത്തി രാത്രി ഏഴ് വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച്ച രാത്രിയോടെ നിർത്തിവച്ച തിരച്ചിൽ ഇന്നലെ രാവിലെ പത്തോടെ കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് സ്‌കൂബാ സംഘങ്ങൾ എത്തി പുനഃരാരംഭിച്ചു. കുട്ടികൾ അപകടത്തിൽപ്പെട്ടതിന് സമീപത്തുനിന്നും ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാജാക്കാട് പൊലീസ് അനന്തിര നടപടികൾ സ്വീകരിച്ചു .വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന സുബീഷ് പ്ലസ് ടൂ പരീക്ഷ കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുകയായിരുന്നു. ഏക സഹോദരൻ :സുബിൻ