തൊടുപുഴ : പഴനി ശബരിമല റോഡ് ദേശിയ പാതയാക്കിയെന്നും 2150 കോടി രൂപ അനുവദിച്ചുവെന്നും വ്യാജ പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിച്ച എൽഡിഫ് സ്ഥാനാർഥി പരസ്യമായി മാപ്പു പറയണമെന്ന് കേരള കോൺഗ്രസ് (എം ) ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു . ഇങ്ങനെയൊരു ദേശീയപാത വിജ്ഞാപനം ചെയ്തിട്ടില്ലെന്നും വിശദമായ പ്രൊജ്ര്രക് റിപ്പോർട്ടും എസ്റ്റിമേറ്റും തയാറാക്കുകയോ ഒരു രൂപയെങ്കിലും നിർമാണത്തിന് അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന വിവരാവകാശ രേഖ അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രസിദ്ധപ്പെടുത്തി .എം.പിയുടെ വികസനനേട്ടമായി ഫ്ളക്സ് ബോർഡുകളിലും പ്രസ്താവനകളും കാണിച്ചിരിക്കുന്ന പദ്ധതികളിൽ ഏറ്റവും പ്രധാന പദ്ധതിയാണ് ഇനിയും ഫണ്ട് അനുവദിക്കാത്ത ഈ റോഡ്. ഇതുപോലെ തന്നെയാണ് ശബരിമല റെയിൽവേയും. യു.ഡി.ഫ് സർക്കാർ കേന്ദ്രവുമായുണ്ടാക്കിയ ധാരണപ്രകാരം നിർമ്മാണച്ചിലവിന്റെ അമ്പതു ശതമാനം തുക നൽകാനുള്ള ബാധ്യതയിൽ നിന്ന് പിണറായി സർക്കാർ പിൻവലിഞ്ഞതാണ് ശബരി റെയിൽവേ നിർമാണം നടക്കാതിരിക്കാൻ കാരണം. കഴിഞ്ഞ അഞ്ചുവർഷക്കാലത്തു ഒരു കേന്ദ്ര സർക്കാർ സ്ഥാപനങ്ങളോ തൊഴിൽ വിദ്യാഭ്യാസ സംരംഭങ്ങളോ നേടിയെടുക്കാൻ കഴിയാത്ത എം.പി പ്രചരിപ്പിക്കുന്ന വികസന നേട്ടങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളവ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ: എം.ജെ. ജേക്കബ്, മനോഹർ നടുവിലേടത്, ഫിലിപ്പ് ചേരിയിൽ എന്നിവർ പങ്കെടുത്തു.