ഇടുക്കി: നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരുമെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോർജ്ജ് പറഞ്ഞു. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി അധികാരത്തിൽ വരുമെന്ന് പറയുന്നത് എ.കെ. ആന്റണിയും പത്ത് വയസുകാരന്റെ മനസുമായി പാട്ടുംപാടി തൊടുപുഴയ്ക്ക് അപമാനമായി മാറിയ മാന്യവ്യക്തിയും മാത്രമാണ്. രാഹുൽ അധികാരത്തിൽ വരില്ലെന്ന് അദ്ദേഹത്തിന് തന്നെയറിയാം. പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടുമോയെന്നാണ് അദ്ദേഹം നോക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 44 സീറ്റുമായി പ്രതിപക്ഷനേതാവെന്ന ഔദ്യോഗിക സ്ഥാനം കിട്ടാതെ റോഡിലൂടെ നടന്ന നരുന്ത് പയ്യനാണ് രാഹുൽ. രാഹുലിന് കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ കൊള്ളാമെന്നുണ്ടെന്നാണ് തോന്നുന്നത്. ഉത്തരേന്ത്യയിൽ രാഹുലിനെ കേൾക്കാൻ ആളില്ലാത്തതിനാലാണ് അദ്ദേഹം കേരളത്തിൽ തന്നെ കിടക്കുന്നത്. വയനാട്ടിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് ശക്തമായി പ്രചാരണം തുടങ്ങുകയും മോദി കോഴിക്കോട് എത്തിയതിനും ശേഷം രാഹുലിന്റെ ചങ്ക് പിടയ്ക്കുകയാണ്. നവജാത ശിശുക്കളുടെ മരണനിരക്കിൽ ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ മോശമാണ് വയനാടിന്റെ സ്ഥിതി. ഇടുക്കി ജില്ലയിൽ എത്ര കർഷകരാണ് അടുത്തിടെ ആത്മഹത്യ ചെയ്തത്. ഇതിനെല്ലാം ഉത്തരവാദികൾ 60 വർഷം രാജ്യം ഭരിച്ചവരും കേരളത്തിൽ വർഷങ്ങളായി മാറി മാറി ഭരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസുമാണ്. മോദി പ്രധാനമന്ത്രിയായതിനാലാണ് ഇവിടം ശവക്കൂനകളാകാത്തത്. യു.പി.എ ഭരണക്കാലത്ത് കേരളത്തിൽ നിന്ന് കാബിനറ്റ് റാങ്കുള്ള ഒമ്പത് പേർ അധികാരത്തിലുണ്ടായിട്ടും കേരളത്തിലെ ഒമ്പത് ലക്ഷം വരുന്ന റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല. നരേന്ദ്രമോദി സർക്കാർ നാലര വർഷത്തിനകം റബർ ആക്ടിന്റെ നക്കൽ പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ റബറിന്റെ അടിസ്ഥാനവില 200 രൂപയാക്കണം. തിരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ നടപ്പിലാക്കിയ ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കും വേണ്ടി പ്രവർത്തിക്കുന്ന ബി.ജെ.പിക്കൊപ്പം തനിക്കു പ്രവർത്തിക്കാൻ കഴിയും എന്നുള്ളത് കൊണ്ടാണ് കേരള ജനപക്ഷം പാർട്ടി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിൽ നിന്നുള്ള സഹായങ്ങൾ കേരളത്തിന് ലഭിക്കണമെങ്കിൽ ബിജു കൃഷ്ണനെ പോലെയുള്ളവർ വിജയിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.