ചെറുതോണി: സമൂഹത്തിൽ ഏറ്റവും ആദരിക്കപ്പെടുന്ന ഉന്നതനായ ഒരു വൈദികന്റെ ചിത്രവും അതിനൊപ്പം വ്യാജരേഖയും ചമച്ച് പ്രചരണം നടത്തിയവർക്കെതിരെ ജനങ്ങൾ വിധിയെഴുതുമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. ഒന്നര മാസത്തോളമായി വ്യാജരേഖകളും നുണപ്രചരണവുമായാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിവരാവകാശ രേഖയെന്ന പേരിൽ വ്യാജരേഖ അച്ചടിച്ച് സമ്മതിദായകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സാധാരണക്കാരോടും കൃഷിക്കാരോടും ഒപ്പം നിന്ന് കാർഷിക പ്രശ്നങ്ങളിൽ നിലപാടെടുക്കുകയും ജനങ്ങൾക്കെതിരായി വന്ന ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകളെ തുറന്ന് കാണിക്കുകയും ചെയ്തതിന്റെ പേരിൽ ഒരു വൈദികനെ അപകീർത്തിപ്പെടുത്താൻ ഉന്നതരുടെ ഒത്താശയോടെ നടത്തിയ ശ്രമങ്ങൾ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റക്കാരെ ന്യായീകരിക്കുന്നതിലൂടെ കുറ്റകൃത്യത്തിന് നേതൃത്വത്തിന്റെ അറിവുണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. നിയമപരമായ ശിക്ഷ കുറ്റക്കാർക്ക് ലഭിക്കണം. ഇനിയും ഇത്തരം നടപടികൾ ആവർത്തിക്കപ്പെടാൻ പാടില്ല. വ്യക്തി സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യ ബോധത്തെയും വെല്ലുവിളിക്കുന്ന അത്യന്തം നിന്ദ്യവും നീചവുമായ ഇത്തരം പ്രവണതകൾ സമൂഹം ഒരിക്കലും അംഗീകരിക്കില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.