കുമളി: പെരിയാർ കടുവാസങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കണ്ണകി ദേവിക്ഷേത്രം മംഗളാദേവി ചിത്രാപൗർണമി ഉത്സവത്തോടനുബന്ധിച്ച് ഇന്ന് ഒരു ദിവസം ഭക്തർക്കായി തുറന്ന് കൊടുക്കും. കേരള- തമിഴ്നാട് സംസ്ഥാനങ്ങളുടെ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഉത്സവം നടത്തുന്നത്. രാവിലെ ആറ് മുതൽ വെെകിട്ട് മൂന്ന് വരെയാണ് പ്രവേശനം. കുമളിയിൽ നിന്ന് 16 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച് വേണം കണ്ണകി ക്ഷേത്രത്തിലെത്താൻ. മൂന്നിന് ശേഷം തിരികെ പോരുന്ന വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. കേരള- തമിഴ്നാട് ആചാരപ്രകാരമാണ് പൂജകളും വഴിപാടുകളും നടക്കുന്നത്. പ്ലാസ്റ്റിക് കുപ്പി, ബാഗുകൾ, മദ്യം, ലഹരി പദാർത്ഥങ്ങൾ, വളർത്ത് മൃഗങ്ങൾ, പടക്കം, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, മുടി മുറിക്കൽ ആചാരം എന്നിവ അനുവദിക്കില്ല. നിശ്ചിത പോയിന്റുകളിൽ കുടിവെള്ളത്തിനായി വനം വകുപ്പ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ചികിത്സയ്ക്കായി മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാണ്. രാവിലെ മുതൽ ടാക്സി വാഹനങ്ങളുടെ സേവനം ലഭ്യമാണ്. സ്വകാര്യ വാഹനത്തിൽ പോകുന്നവർ പ്രത്യേക അനുമതി വാങ്ങണം. കാൽനടയായി പോകുന്നവർ വനത്തിൽ പ്രവേശിക്കാൻ പാടില്ല.