രാജാക്കാട്: വയസ് 102 നീലാംബരൻ മുത്തച്ഛന്. പക്ഷേ, അമ്പതുകാരന്റെ ചുറുചുറുക്കിൽ പറയുന്നതിതാണ്- 'മക്കളേ, ആരും വോട്ട് ചെയ്യാൻ മറക്കല്ലേ". ഇതുവരെ ഒരു തവണപോലും വോട്ട് മുടക്കാത്ത അപ്പൂപ്പന്റെ ഓർമ്മപ്പെടുത്തൽ. തിരഞ്ഞെടുപ്പുകളുടെ രൂപവും ഭാവവും പ്രചാരണ രീതികളും മാറിയെങ്കിലും വോട്ട് വിലപ്പെട്ടത് തന്നെയെന്ന് ഈ വൃദ്ധന് നന്നായറിയാം. ഇടുക്കി ആനച്ചാൽ തോക്കുപാറ നാടുവഴിവെളിയിൽ നീലാംബരൻ ഈ തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെപ്പെടുത്താൻ ആവേശത്തോടെ കാത്തിരിയ്ക്കുകയാണ്. ഈ പ്രായത്തിലും പച്ചക്കറി കൃഷി ഉൾപ്പെടെയുള്ള കാർഷിക ജോലികൾ എല്ലാം ചെയ്യും. രണ്ടായിരത്തിൽ കരുണാപുരം പഞ്ചായത്തിലെ മികച്ച ജൈവ കർഷകനുള്ള അവാർഡ് നേടിയിട്ടുണ്ട്. വീട്ടുജോലികളും തന്നാലാവും വിധം ചെയ്യും. 1950ലാണ് ഹൈറേഞ്ചിൽ എത്തിയത്. 2008ൽ ഭാര്യ മാധവി മരിച്ചു. നാല് മക്കളുള്ള ഇദ്ദേഹമിപ്പോൾ മകൻ ദിനേശനോടൊപ്പമാണ് കഴിയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾ മുതൽ പത്രവായന കൂടുതൽ സജീവമാക്കി. പുലർച്ചെ അഞ്ചിന് എഴുന്നേൽക്കും. പഴയ അഞ്ചാം ക്ളാസുകാരൻ ആണെങ്കിലും ലോകപരിചയവും ഭാഷാപരിചയവും നന്നായുണ്ട്.