പീരുമേട്: സംസ്ഥാനത്തെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ് നേടിയ കർഷകന്റെ മോഷണം പോയ പശുക്കളെ പീരുമേട് പൊലീസ് കണ്ടെത്തി .തേനി ജില്ലയിലെ ഉപ്പു ദുരൈ ഗ്രാമത്തിൽ നിന്നാണ് മോഷണം പോയ 12 പശുക്കളെയും കണ്ടെടുത്തത്. ഈ മാസം നാലിനാണ് ഏലപ്പാറ സ്വദേശി ബിജു ഗോപാലന്റെ ഉടമസ്ഥതയിലുള്ള ബിജീസ് ഫാമിൽ നിന്നും 12 പശുക്കൾ മോഷണം പോയത്. പശുക്കളെ കടത്തിക്കൊണ്ട് പോയ ലോറിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ.വിജയം കണ്ടത്. പശുക്കളെ എത്തിച്ച സ്ഥലവും മറ്റു വിവരങ്ങളും ലോറി ഡ്രൈവറിൽ നിന്നാണ് പൊലീസിന് ലഭിച്ചത്. ലോറി വാടകയ്ക്ക് ഓട്ടം വിളിച്ച് പശുക്കളെ എത്തിച്ച ശേഷം ഉപ്പുദുരൈ ഗ്രാമത്തിലുള്ള ഫാമിൽ രണ്ട് ലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നു. പശുക്കളെ വിറ്റ ശേഷം മോഷണ സംഘം കടന്നു കളഞ്ഞു
വൻ തുക നല്കി വാങ്ങിയ പശുക്കളെ തിരികെ നല്കാൻ തേനിയിലെ ഫാം അധികൃതർ വിസമ്മിതിച്ചു. തുടർന്ന് പീരുമേട് പൊലീസിന്റെ നേതൃത്വത്തിൽ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ബലപ്രയോഗത്തോടെയാണ് പശുക്കളെ പിടിച്ചെടുത്തത്.
വീടിന് സമീപത്തുള്ള ഫാമിൽ വെള്ളവും പുല്ലും ഇല്ലാത്തതിനാൽ നാല് കിലോമീറ്റർ അകലെയുള്ള ചെമ്മണ്ണിലെ ഫാമിലേയ്ക്ക് മാറ്റുമ്പോഴാണ് പശുക്കൾ മോഷണം പോയത്. ഫാമിലെ ജോലിക്കാർ തന്നെയാണ് പശുവിനെ കടത്തിക്കൊണ്ട് പോയത്. പശുക്കൾക്ക് എട്ട് ലക്ഷം രൂപ വില വരും.