തൊടുപുഴ: ഇടുക്കിയുടെ വികസനത്തെപ്പറ്റിയുള്ള കോൺഗ്രസിന്റെ അവകാശവാദങ്ങൾ അങ്ങേയറ്റം പരിഹാസ്യമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. ജനങ്ങളിൽ നിന്ന് പൂർണമായും ഒറ്റപ്പെട്ടപ്പോൾ നിറം പിടിപ്പിച്ച പെരുംകള്ളങ്ങളിലൂടെ പിടിച്ചുനിൽക്കാനുള്ള ശ്രമമാണ് കോൺഗ്രസും യു.ഡി.എഫും നടത്തുന്നത്. ജോയ്‌സ് ജോർജ് കൊണ്ടുവന്ന വികസന പദ്ധതികളെല്ലാം പി.ടി. തോമസ് എം.പി ആയിരുന്നപ്പോൾ അംഗീകരിച്ചതായിരുന്നെന്ന് പറയുന്നവർ 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് എന്തുകൊണ്ടാണ് ഈ കാര്യങ്ങളൊക്കെ ഉയർത്തിക്കാട്ടാത്തതെന്ന് വ്യക്തമാക്കണം. അന്ന് പി.ടി. തോമസിന്റെ പേര് പറയാനുള്ള ധൈര്യം പോലും കോൺഗ്രസ് നേതാക്കൾക്കോ യു.ഡി.എഫ് നേതാക്കൾക്കോ ഇല്ലാതെ പോയത് ജനങ്ങൾ തിരിച്ചറിഞ്ഞതാണ്.
2016 ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഫലം അനുഭവിക്കുന്നവരാണ് ജില്ലയിലെ ജനങ്ങൾ. യു.ഡി.എഫ് സർക്കാർ മലയോര കർഷകരുടെ പട്ടയ വിഷയത്തിൽ സ്വീകരിച്ച വഞ്ചനാപരമായ നിലപാട് ജനങ്ങൾ നല്ലതു പോലെ മനസിലാക്കിയിട്ടുണ്ട്. ജില്ലയിലെ കുടിയേറ്റകർഷകർക്ക് ഉപാധിരഹിത പട്ടയം നൽകിയതത് ഇടതു സർക്കാരാണ്. ഉമ്മൻചാണ്ടി സർക്കാർ 16 ഇന ഉപാധികളോടെ കടലാസിന്റെ പോലും വിലയില്ലാത്ത പട്ടയം നൽകി കുടിയേറ്റകർഷകരെ വഞ്ചിക്കുകയായിരുന്നു. പത്ത് ചെയിൻ പ്രദേശത്തെ കൃഷിക്കാർക്ക് പട്ടയം നൽകിയതും എൽ.ഡി.എഫ് സർക്കാരാണ്. ഉമ്മൻചാണ്ടി സർക്കാർ പെരിഞ്ചാംകുട്ടിയിൽ നിന്ന് കുടിയിറക്കിയ ആദിവാസികൾക്ക് അവിടെ തന്നെ ഒരേക്കർ ഭൂമി നൽകി പുനരധിവസിപ്പിക്കാനുള്ള ധീരമായ തീരുമാനമെടുത്തതും ഇടതുസർക്കാരാണ്. പൂട്ടിക്കിടന്ന തോട്ടങ്ങൾ തുറക്കാനും തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാനുമുള്ള
നടപടികൾ സ്വീകരിച്ചതും എൽ.ഡി.എഫ്
സർക്കാരിന്റെ ശ്രമഫലമായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ മേഖലകളിലൊക്കെ ഇടതു സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമ പദ്ധതികൾ തുടരണമെന്നാണ് ജില്ലയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ഇടതുപക്ഷ സർക്കാരിനെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവും ജില്ലയിലെ വോട്ടർമാർക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.