ചെറുതോണി: അനുയോജ്യമായ സ്ഥലം കണ്ടെത്തി ചെറുവിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്ന എയർസ്ട്രിപ്പ് മണ്ഡലത്തിൽ കൊണ്ടുവരുമെന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോയ്‌സ് ജോർജ് അറിയിച്ചു. തമിഴ്‌നാട് തേനിയിൽ എത്തിനിൽക്കുന്ന മലയോര റെയിൽവേ കൊങ്കൺ മാതൃകയിൽ കുമളി വഴി ശബരിമലയിലെത്തിക്കുന്നതിനുള്ള ചർച്ചകളും റെയിൽവേ മന്ത്രാലയവുമായി നടത്തിയിട്ടുണ്ട്. സാധ്യത പഠനത്തിന് കഴിഞ്ഞ ബഡ്ജറ്റിൽ തുകയും അനുവദിച്ചിരുന്നു. കാലടി വരെയെത്തി നിൽക്കുന്ന അങ്കമാലി ശബരി റെയിൽപാതയ്ക്ക് കിഫ്ബിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ പകുതി ചെലവ് ഏറ്റെടുക്കാൻ തയ്യാറായിരിക്കെ പദ്ധതിയുടെ പ്രവർത്തനം വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ജനങ്ങൾ ഒരു തവണകൂടി അവസരം നൽകിയാൽ മുൻഗണന നൽകുന്ന പദ്ധതികളെക്കുറിച്ചാണ് സ്ഥാനാർത്ഥി വ്യക്തമാക്കിയത്. മലങ്കര തൊടുപുഴ മൂവാറ്റുപുഴ വൈക്കം ജലപാതയും ഇൻലാൻഡ് ടൂറിസവും ആരംഭിക്കുന്നതിന് സാധിക്കും. പളനി ശബരിമല തീർത്ഥാടന ഹൈവേ നിർമ്മാണം പൂർത്തിയക്കേണ്ടതുണ്ട്. ഇടുക്കി മെഡിക്കൽ കോളജ് അത്യാധുനീക റിസർച്ച് സെന്ററായി ഉയർത്തും. പട്ടിക ജാതി, പട്ടിക വർഗ, ദളിത് വിദ്യാർത്ഥികൾക്കായി റെസിഡൻഷ്യൽ കോളജിന് ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.