കുളമാവ്: കനത്ത മഴയിലും കാറ്റിലും തൊടുപുഴ പുളിയൻമല റോഡിലെ കുളമാവിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. മരം സമീപത്തെ വൈദ്യുതി ലൈനിന് മുകളിലേക്കാണ് പതിച്ചത്. രണ്ട് വൈദ്യുതി തൂണുകളും വൈദ്യുതി കമ്പിയും റോഡിലേക്ക് വീണു. സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ കുളമാവ് കെ.എസ്.ഇ.ബി. ഓഫീസിൽ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഈ സമയം വാഹനങ്ങൾ എത്താത്തതിനാൽ വൻ ദുരന്തമൊഴിവായി. റോഡ് തടസപ്പെട്ടതോടെ കുളമാവ് പള്ളിക്കവല വഴി ഗതാഗതം തിരിച്ച് വിട്ടു. സംഭവമറിഞ്ഞെത്തിയ കുളമാവ് പൊലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.