തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളേജിലേക്കുള്ള റോഡരികിൽ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബങ്കുകളിൽ പ്രവർത്തിക്കുന്ന ലബോറട്ടറികൾ ആവശ്യമെങ്കിൽ അടച്ചു പൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നേരിട്ട് ഇടപെടണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. സ്വീകരിച്ച നടപടികൾ മേയ് 31നകം ആരോഗ്യവകുപ്പ് ഡയറക്ടറെ അറിയിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് ഡയറക്ടറിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. ലാബുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അടച്ചു പൂട്ടാൻ 2018 ജൂൺ ഒന്നിന് ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിട്ടിരുന്നു. എന്നാൽ ന്യൂനതകൾ പരിഹരിച്ചെന്ന ലാബുടമകളുടെ അപേക്ഷയിൽ കർശന വ്യവസ്ഥകളോടെ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകി. എന്നാൽ തുടർന്നും സമാന ആരോപണങ്ങളുമായി പരാതി ലഭിച്ചു. വിഷയത്തിൽ പുനരന്വേഷണം നടത്താൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ജൂനിയർ സയന്റിഫിക് ഓഫീസർ റോയി വർഗീസിന്റെ സേവനം വിട്ടു നൽകാൻ ജനറൽ ആശുപത്രി സൂപ്രണ്ടിന് 2018 നവംബർ 14ന് കത്തയച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് ഉദ്ധരിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ കമ്മിഷനെ അറിയിച്ചു. നാലുമാസങ്ങൾക്കു ശേഷവും ഒരു മറുപടി പോലും അയയ്ക്കാത്തത് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുള്ള കൃത്യവിലോപമാണ്. ആരോഗ്യത്തോടെ ജീവിക്കേണ്ടത് മനുഷ്യന്റെ മൗലികാവകാശമാണെന്നും അതിന് വിഘാതം സൃഷ്ടിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. ജനറൽ ആശുപത്രി സൂപ്രണ്ടും ആരോഗ്യവകുപ്പ് ഡയറക്ടറും ഇക്കാര്യത്തിൽ ശുഷ്‌കാന്തി കാണിച്ചില്ല. അയച്ച കത്തിന് മറുപടി കിട്ടാതിരുന്നിട്ടും ജില്ലാ മെഡിക്കൽ ഓഫീസർ ഓർമ്മക്കുറിപ്പ് പോലും അയച്ചില്ലെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. അനിൽകുമാർ ആനക്കനാട്ട് നൽകിയ പരാതിയിലാണ് നടപടി.