ചെറുതോണി: പളനി ശബരിമല തീർത്ഥാടന ഹൈവേയ്‌ക്കെതിരെയുള്ള ചിലരുടെ നിലപാടുകൾ ഖേദകരമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. മറയൂർ, മൂന്നാർ, സേനാപതി, ചെമ്മണ്ണാർ, നെടുങ്കണ്ടം, തൂക്കുപാലം, കട്ടപ്പന, കുട്ടിക്കാനം, പെരുവന്താനം, വള്ളിയങ്കാവ് വഴി കടന്നപോകുന്ന ഹൈവേ കർഷകരുടെ സ്വപ്നമാണ്. നുണ മാത്രം പ്രചരിപ്പിക്കുന്ന കോൺഗ്രസ് നേതൃത്വം പറയുന്നത് ജനങ്ങൾ വിശ്വാസത്തിൽ എടുക്കാതായതോടെയാണ് പി.ജെ ജോസഫിനെ കോൺഗ്രസ് ഇപ്പോൾ ഉപയോഗിക്കുന്നത്. പി.ജെ. ജോസഫിനെപ്പോലെ മാന്യനായ ഒരാൾ അവർക്കൊപ്പം ചേർന്ന് ദുരാരോപണങ്ങൾ ഉന്നയിക്കുന്നത് അഭികാമ്യമല്ല. പളനി ശബരിമല തീർത്ഥാടന ഹൈവേ മലയോര ജനതയുടെ സ്വപ്നവും പ്രതീക്ഷയുമാണ്. ജോയ്സ് ജോർജ് എം.പിയുടെ ശ്രമഫലമായാണ് ഇത്തരത്തിൽ ഒരു ഹൈവേ എന്ന ആശയം തന്നെ രൂപപ്പെടുന്നത്. 2150 കോടി ചിലവ് പ്രതീക്ഷിക്കുന്ന ഹൈവേയ്ക്ക് കേന്ദ്രാനുമതിയാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. റൂട്ടും അലൈൻമെന്റും എസ്റ്റിമേറ്റും തയ്യാറായിക്കഴിഞ്ഞു. മന്ത്രി നിധിൻ ഗഡ്ഗരി മൂന്നാറിൽ നേരിട്ടെത്തി ഹൈവേ പ്രഖ്യാപിക്കുകയും ചെയ്തിരുന്നെന്നും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.