ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചരണം അവസാന നിമിഷങ്ങളിലേയ്‌ക്കെത്തുമ്പോൾ ഉടുമ്പൻചോലയിൽ ജോയ്സ് ജോർജ് വീണ്ടും എത്തി. ശനിയാഴ്ച ഉടുമ്പൻചോലയിലായിരുന്നു ജോയ്സ് ജോർജിന്റെ മിന്നൽ സന്ദർശം. വ്യക്തികളെ കണ്ടും വ്യാപാരി സമൂഹവുമായി കൂടിക്കാഴ്ച നടത്തിയും ആരാധനാലയങ്ങൾ സന്ദർശിച്ചുമാണ് ജോയ്സ് ഓട്ടപ്രദക്ഷിണം നടത്തിയത്. രാവിലെ രാജാക്കാട് നിന്നായിരുന്നു തുടക്കം. തുടർന്ന് രാജകുമാരി, സേനാപതി, നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, വണ്ടൻമേട് എന്നിവിടങ്ങളിൽ ഓടിയെത്തി. വണ്ടൻമേട്ടിൽ മാലി തൊഴിലാളി കേന്ദ്രത്തിലും പുളിയന്മല കോളനിയിലും ജോയ്സ് സന്ദർശനം നടത്തി. ബുധനാഴ്ചയോടെ ജോയ്സിന്റെ പൊതു പര്യടനം അവസാനിച്ചിരുന്നു. വ്യാഴാഴ്ച തൊടുപുഴയിലും ഓട്ടപ്രദക്ഷിണം നടത്തിയ സ്ഥാനാർത്ഥി വെള്ളിയാഴ്ച പ്രചരണത്തിന് അവധി നൽകി. ശനിയാഴ്ച ഉടുമ്പൻചോലയിൽ സൗഹൃദ സന്ദർശനം പൂർത്തിയാക്കി.

ജോയ്സ് ഇന്ന് ഇടുക്കിയിൽ

ചെറുതോണി: എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് ഇന്ന് ഇടുക്കി മണ്ഡലത്തിൽ പര്യടനം നടത്തും. റോഡ് ഷോയിൽ പങ്കെടുത്ത് കട്ടപ്പനയിലെ കലാശക്കൊട്ടിലും പങ്ക് ചേരും. ഞായറാഴ്ച രാവിലെ വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്ത ശേഷം നാരകക്കാനത്ത് രാവിലെ ഒമ്പതിന് സ്വീകരണം ഏറ്റുവാങ്ങും. തുടർന്ന് പുളിയന്മലയിലും കോഴിമലയിലും സ്വീകരണം. 12ന് ചേലച്ചുവട്ടിൽ നിന്ന് റോഡ് ഷോയിൽ അണിചേരും. വൈകിട്ട് 5.30ന് കട്ടപ്പനയിൽ സമാപന പരിപാടിയിലും പങ്കെടുക്കും.