കോട്ടയം: കത്തോലിക്ക കോൺഗ്രസ് കേരളത്തിൽ നിന്ന് ജനവിധി തേടുന്ന രാഹുൽ ഗാന്ധിയ്ക്ക് കേരള സമഗ്രവികസന പത്രിക സമർപ്പിച്ചു. കാർഷിക ഉത്പന്നങ്ങൾക്ക് തറവില പ്രഖ്യാപിച്ച് സംഭരിക്കുക, കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവിന് കാരണമായ രാജ്യാന്തര കരാറുകളിൽ ഭേദഗതി വരുത്തുക, പലിശരഹിത കാർഷിക വായ്പകൾ നൽകുക, കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും പൂർണമായി ഒഴിവാക്കി കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഇറക്കുക, വയനാട്, ഇടുക്കി മേഖലകൾക്ക് ടൂറിസത്തിന് മുൻതൂക്കം നൽകി പ്രത്യേക കാർഷിക പാക്കേജ് നടപ്പിലാക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, വിദ്യാഭ്യാസ വായ്പകൾ ഉദാരമാക്കുക,​ തൊഴിൽരഹിതരുടെ വിദ്യാഭ്യാസ, വായ്പാ കുടിശിക എഴുതി തള്ളുക, ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക, പ്രളയാനന്തര കേരളത്തെ പുനരുദ്ധരിക്കാൻ സഹായിക്കുക, നവകേരള നിർമ്മിതിയ്ക്ക് വിദേശ സഹായം സ്വീകരിക്കുന്നതിലുള്ള തടസം ഒഴിവാക്കുക, മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന പത്രികയാണ് കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം രാഹുലിന് സമർപ്പിച്ചത്.