തൊടുപുഴ: ഇല്ലാത്ത പഴനി ശബരിമല ദേശീയപാതയ്ക്ക് 2150 കോടി രൂപ അനുവദിച്ചെന്ന് കളവ് പ്രചരിപ്പിച്ച എം.പിയുടെ നടപടി അത്യന്തം ഗുരുതരമാണെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ഇങ്ങനെയൊരു ദേശീയപാത വിജ്ഞാപനം ചെയ്യുകയോ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുകയോ ഭരണാനുമതി നൽകുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ രേഖ പുറത്തു വന്ന സാഹചര്യം ഗൗരവതരമാണ്. ശബരി റെയിൽവേയ്ക്ക് 381 കോടി അനുവദിച്ചെന്ന പ്രചാരണവും കളവാണ്. തിരഞ്ഞടുപ്പിൽ വോട്ട് ലഭിക്കാൻ ജനങ്ങളോട് കള്ളം പറയുന്നതും അസത്യം പ്രചരിപ്പിക്കുന്നതും ഒരു ജനപ്രതിനിധിയ്ക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.