വണ്ടിപ്പെരിയാർ: പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ കാട്ടുതീ പടർന്നു ഹെക്ടർ കണക്കിന് പുല്ലുമേടുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത. വേനലിലുണ്ടായ സ്വാഭാവിക കാട്ടുതീയല്ലെന്ന നിലപാടിലാണ് വനംവകുപ്പ്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായി സൂചന. വനത്തിനു മദ്ധ്യഭാഗത്ത് നിന്നാണ് തീ കത്തി തുടങ്ങിയതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട മൂന്നു യുവാക്കളെ ചോദ്യം ചെയ്തതായാണ് വിവരം. കഴിഞ്ഞ 13 നാണ് പെരിയാർ കടുവാ സങ്കേതത്തിലെ ഈസ്റ്റ് ഡിവിഷനിലെ തൊണ്ടിയാർ സെക്ഷനിൽപ്പെട്ട പോത്തിൻ കണ്ടത്തെ മലനിരകൾ കത്തി നശിച്ചത്. ഏകദേശം പത്ത് ഹെക്ടർ വനഭൂമിയിലെ പുല്ലുമേടുകൾ കത്തി നശിച്ചതായാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ചെങ്കുത്തായ പ്രദേശമായതിനാൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്ക് കടന്നു ചെല്ലാനാകാത്തതിനാൽ നൂറോളം വനപാലകർ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വധേയമാക്കിയത്.