വണ്ടിപ്പെരിയാർ: തിരഞ്ഞെടുപ്പ് പ്രചരണ ബോർഡ് നശിപ്പിച്ചതിനെ ചൊല്ലി കോൺഗ്രസും സി.പി.എമ്മും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുകൂട്ടരും നൽകിയ പരാതിയിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകരായ ജോസഫ് (48), ഇയാളുടെ മകൻ ജയ്സൺ (16), ഡി.വൈ.എഫ്.ഐ മഞ്ചുമല മേഖലാ സെക്രട്ടറി വേൽമുരുകൻ (38) എന്നിവർക്ക് പരിക്കേറ്റിരുന്നു. മൂവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി കഴിഞ്ഞ ദിവസം രാത്രി തന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കേസുകളിലും
വധശ്രമത്തിന് കേസെടുത്തത്. ജോസഫും മകൻ ജോൺസണും നാലു സി.പി.എം പ്രവർത്തകർക്കെതിരെയാണ് പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. വേൽമുരുകൻ ജോസഫിനും ജോൺസണുമെതിരായാണ് മൊഴി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡ് നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.