രാജാക്കാട്: സംസ്ഥാനത്തെ ആദ്യ 'കാട്ടാന ഉദ്യാനം' ചിന്നക്കനാലിൽ ഒരുങ്ങുന്നു. വനം വന്യജീവി വകുപ്പാണ് ആനയിറങ്കൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് 'എലിഫന്റ് പാർക്ക് ' ഒരുക്കുന്നത്. ഇതിന്റെ പ്രാഥമിക പഠനവും രൂപരേഖയും തയ്യാറായി. കാട്ടാനകൾക്ക് തനതും സ്വാഭാവികവുമായ ആവാസ വ്യവസ്ഥയൊരുക്കുന്നതിനൊപ്പം ജനവാസമേഖലകളിൽ ഇറങ്ങി ജീവനും സ്വത്തുവകകൾക്കും നാശമുണ്ടാക്കുന്നത് തടയുകയുമാണ് ലക്ഷ്യം. താവളം ഒരുങ്ങുന്നതോടെ മൂലത്തറ, പൂപ്പാറ, മുള്ളൻതണ്ട്, സൂര്യനെല്ലി, നാഗമല, സിങ്ങുകണ്ടം ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ വർഷങ്ങളായി ജനങ്ങൾ നേരിടുന്ന കാട്ടാന ശല്യത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പ്രദേശത്ത് നിന്ന് വൈദ്യുത ലൈനുകൾ, വൈദ്യുത വേലികൾ തുടങ്ങിയ നീക്കം ചെയ്യും. പാതകളിൽ ആവശ്യമായ ഇടങ്ങളിൽ ചെക്പോസ്റ്റുകൾ സ്ഥാപിച്ച് കൂടുതൽ ജീവനക്കാരെ നിയമിക്കും. ഫാമുകളിലേത് ഉൾപ്പെടെ പ്രദേശത്തെ പുൽമേടുകളിൽ 200ൽ അധികം വളർത്തു പോത്തുകൾ ഉള്ളതായാണ് കണക്ക്. ഇവയെ നീക്കം ചെയ്യുന്നതോടെ പുൽമേടുകൾ കാട്ടാനകളുടെ മേച്ചിൽപ്പുറങ്ങളായി മാറും. തീറ്റയ്ക്ക് വേണ്ടവ വച്ചുപിടിപ്പിക്കുകയും ചെയ്യും. സംരക്ഷിത ഉദ്യാനമായി മാറുന്നതോടെ താവളത്തിൽ മരങ്ങളും കാടും വളർന്ന് സ്വാഭാവികമായ ആവാസവ്യവസ്ഥ രൂപപ്പെടുകയും ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് കാട്ടാനകൾ ഇറങ്ങിച്ചെല്ലുന്നത് അവസാനിക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു. ഇപ്പോൾ തന്നെ സർക്കാരിന് തലവേദനയായിട്ടുള്ള ആദിവാസി പുനരധിവാസം, കൈയേറ്റങ്ങൾ, അനധികൃത നിർമ്മാണങ്ങൾ തുടങ്ങിയവ പാർക്ക് യാഥാർത്ഥ്യമാകുന്നതിന് തടസമാകുമോ എന്ന ആശങ്കയുണ്ട്. ഗോത്രവർഗക്കാരെയടക്കം സഹകരിപ്പിച്ചും കുടിവെള്ള സ്രോതസുൾ തസപ്പെടുത്താതെയുമാകും ഉദ്യാനമൊരുക്കുക. കഴിഞ്ഞ ദിവസം സംസ്ഥാന ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ മൂന്നാർ ഡി.എഫ്.ഒ ഉൾപ്പെടെയുള്ളവർ പ്രദേശം സന്ദർശിച്ചിരുന്നു.

ഇവിടം ആനതാവളമാകും

ചിന്നക്കനാൽ പഞ്ചായത്തിലെ ആനയിറങ്കൽ, വിലക്ക്, 301 കോളനി, എന്നിവിടങ്ങൾ ഉൾപ്പെടുന്ന 600 മുതൽ 800 വരെ ഏക്കർ വിസ്തൃതി വരുന്ന പ്രദേശം താവളമായി മാറ്റും. വനം വകുപ്പിന് ഇവിടെ 365 ഹെക്ടർ ഭൂമിയാണുള്ളത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് പാട്ടത്തിന് നൽകിയിരിക്കുന്ന ഈ ഭൂമിയിലെ 200 ഹെക്ടർ പാർക്കിനായി ഉപയോഗപ്പെടുത്തുവാനാണ് നിലവിലെ തീരുമാനം.

ഭൂമിയേറ്റെടക്കൽ വെല്ലുവിളി

ആദിവാസികളെ കുടിയിരുത്തിയിരിക്കുന്ന 301 കോളനി ഒഴിപ്പിച്ച് ആ കുടുംബങ്ങളെ മറ്റിടങ്ങളിൽ പുനരധിവസിപ്പിക്കും. ഇതിന് സമീപമുള്ള ഡാം ക്യാച്ച്മെന്റ് ഏരിയ ഉൾപ്പെടെയുള്ള റവന്യൂഭൂമിയും ആനയിറങ്കൽ ഡാമിനോട് ചേർന്ന് ചിന്നക്കനാൽ വില്ലേജിൽ ഉൾപ്പെടുന്ന പത്തോളം പട്ടയ ഭൂമിയും ഏറ്റെടുക്കും. ഇതിനായി റവന്യൂ വകുപ്പുമായുള്ള ചർച്ചകൾ ഉന്നത തലത്തിൽ പുരോഗമിക്കുകയാണ്. പരമ്പരാഗത്ത ആദിവാസിക്കുടികളായ എൺപതേക്കർ, പന്തടിക്കളം, പച്ചപ്പുൽക്കുടി എന്നിവിടങ്ങൾ ഇപ്പോഴത്തെ നിലയിൽ തുടരും.

22 സ്ഥിരം കാട്ടാനകളുള്ളയിടം

22 കാട്ടാനകൾ ആനയിറങ്കൽ മേഖലയിൽ സ്ഥിരം ഉള്ളതായും പത്തോളം എണ്ണം ഇടയ്ക്കിടെ വന്നുപോകുന്നതായുമാണ് കണക്ക്. വൈദ്യുത വേലികളിൽ നിന്ന് ഷോക്കേറ്റും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അകത്ത് ചെന്നും നിരവധി ആനകളും ഇവിടെ ചരിഞ്ഞിട്ടുണ്ട്. രണ്ട് ദശകത്തിനിടെ 38 പേരെ കാട്ടാനകൾ കൊലപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തിനിടെ മാത്രം എട്ട് ജീവനുകളെടുത്തു.

ചെലവഴിക്കുന്നത് കോടികൾ

ജനവാസ കേന്ദ്രങ്ങളിൽ നിന്നും ആനകളെ തുരത്തുന്നതിനായി മാസം തോറും പതിനായിരത്തിൽ അധികം രൂപയുടെ പടക്കം വനം വകുപ്പ് ജീവനക്കാർ ഉപയോഗിക്കുന്നുണ്ട്. ദ്രുത പ്രതികരണ സേനയുടെയും വാച്ചർമാരുടെയും സേവനം, ജീവനും സ്വത്തുക്കളും നഷ്ടപ്പെടുന്ന കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക എന്നിവ കോടികൾ വരും.