അടിമാലി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയതിലൂടെ ഇടുക്കിക്കും സുവർണാവസരമാണ് ലഭിച്ചതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. അടിമാലിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിനും ഇടുക്കിയ്ക്കും സമാന സാഹചര്യമാണുള്ളത്. രാഹുൽ ഗാന്ധിയിലൂടെ വയനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ അദ്ദേഹത്തിനൊപ്പം ചേർന്ന് ഡീൻ കുര്യാക്കോസിന് ഇടുക്കിയുടെ പ്രശ്നങ്ങളും പരിഹാരിക്കാനാകും. ലോക്സഭാ തിരഞ്ഞെടുപ്പ് പിണറായി സർക്കാരിനുള്ള താക്കീതായി മാറാണം. മോദി സർക്കാർ കഴിഞ്ഞ അഞ്ച് വർഷക്കാലമായി രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ യു.ഡി.എഫ് പ്രവർത്തകരിൽ വാനോളം ആവേശം ഉയർത്തിയാണ് ഉമ്മൻചാണ്ടി അടിമാലിയിൽ ഡീൻ കുര്യാക്കോസിനായി വോട്ടഭ്യർത്ഥിക്കാൻ എത്തിയത്. അടിമാലിയിൽ നടന്ന പൊതു സമ്മേളനത്തിൽ യു.ഡി.എഫ് ചെയർമാൻ എം.ബി. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എ.കെ. മണി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, എം.ജെ. ജേക്കബ്, കെ.എ. സിയാമോൻ, സാബു പരവരാഗത്ത്, കെ.എ. കുര്യൻ എന്നിവർ സംസാരിച്ചു. രക്തസാക്ഷികളായ ഷുഹൈബ്, ശരത് ലാൽ, കൃപേഷ് തുടങ്ങിയവരുടെ പിതാക്കന്മാർ ഡീനിന് വോട്ടഭ്യർത്ഥിച്ച് അടിമാലിയിൽ എത്തിയിരുന്നു.

എൽ.ഡി.എഫ്- യു.ഡി.എഫ് വാക്കേറ്റം

എൽ.ഡ‌ി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിന്റെ പ്രചാരണാർത്ഥം അടിമാലിയിൽ സംഘടിപ്പിച്ച റോഡ് ഷോയ്‌ക്കെത്തിയ ഇടതുയുവജന പ്രവർത്തകരും ഡീനിന്റെ തിര‌ഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിനെത്തിയ യു.ഡി.എഫ് പ്രവർത്തകരും തമ്മിലുണ്ടായ വാക്കുതർക്കം കൈയ്യാങ്കളിയുടെ വക്കിലെത്തി.