രാജാക്കാട്: ചിന്നക്കനാൽ സൂര്യനെല്ലിയിൽ ഭൂരഹിതരായ തോട്ടം തൊഴിലാളികൾ റവന്യൂ ഭൂമി കയ്യേറി പടുത വലിച്ചുകെട്ടി കുടിലുകൾ നിർമ്മിച്ചു.
സൂര്യനെല്ലി ടൗണിന് സമീപം ബി.എൽ.റാവ് റൂട്ടിൽ മെയിൻ റോഡിനോട് ചേർന്നുള്ള മൂന്നേക്കറോളം സ്ഥലമാണ് ഇന്നലെ പുലർച്ചെ കയ്യേറിയത്. വിവിധ ഏലത്തോട്ടങ്ങളിലും തേയിൽത്തോട്ടങ്ങളിലും ജോലി ചെയ്യുന്നവരും പെൻഷൻപറ്റി പിരിഞ്ഞവരും സ്ത്രീകളുംകുട്ടികളും ഉൾപ്പെടെ നൂറുകണക്കിനു പേർ രാവിലെ അഞ്ചോടെ റവന്യൂ ഭൂമിയിൽ പ്രവേശിക്കുകയായിരുന്നു. ലയങ്ങളിൽ വർഷങ്ങളായി താമസിക്കുന്ന ഇവരിൽ പലർക്കും നിലവിൽ അവിടങ്ങളിൽ തുടരാനാകാത്ത സാഹചര്യമുണ്ട്. സെന്റിന് ലക്ഷങ്ങൾ വിലവരുന്ന വിനോദ സഞ്ചാര മേഖല ആയതിനാൽ ദരിദ്രരായ ഇവർക്ക് ഭൂമി വില നൽകി വാങ്ങാനുള്ള ശേഷിയില്ല.യൂക്കാലി മരങ്ങൾ വളർന്ന് നിൽക്കുന്ന ഭൂമിയിലെ അടിക്കാട് വെട്ടിത്തെളിച്ചിരിക്കുകയാണ്. ഓരോ കുടുംബവും മൂന്ന് സെന്റ് വീതമാണ് വളച്ച് കെട്ടിയെടുത്തത്.വളച്ച് കെട്ടിയെടുത്ത സ്ഥലങ്ങളിൽ ചിലർ ടാർപ്പോളിൻ വലിച്ച് കെട്ടിയിട്ടുമുണ്ട്. അടുത്ത ദിവസങ്ങളിൽ കുടിലുകൾ കെട്ടി താമസം ഉറപ്പിക്കാനാണ് തീരുമാനം. ദില്ലി കേന്ദ്രീകരിച്ചുള്ള ഒരു സ്വകാര്യ കമ്പനി മുൻപ് ഈ സ്ഥലം കൈവശപ്പെടുത്തി പട്ടയം തരപ്പെടുത്തിയിരുന്നു. 2010ൽ റവന്യൂ വകുപ്പ് പട്ടയം റദ്ദ് ചെയ്ത് ഭൂമി തിരിച്ചുപിടിച്ചു. പാഴായിക്കിടന്ന സ്ഥലത്ത് പണ്ട് നട്ട യൂക്കാലി മരങ്ങളും കാട്ടുപടർപ്പുകളുമാണ് ഉള്ളത്.
വൻകിടക്കാർ റവന്യൂ ഭൂമി കയ്യേറുമ്പോൾ അരനൂറ്റാണ്ടിലേറെയായി തോട്ടം തൊഴിലാളികളും ഭൂരഹിതരുമായി കഴിയുന്ന തങ്ങൾക്ക് ഭൂമി നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും സ്ഥലത്തിനായി അപേക്ഷകൾ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായെന്നും കയ്യേറിയവർ കുറ്റപ്പെടുത്തുന്നു പ്രദേശത്ത് റവന്യൂ ഭൂമി ഇല്ലെന്നാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നും കയറിക്കിടക്കാൻ സ്ഥലമില്ലാത്ത തങ്ങൾ ഇവിടെ നിന്നും ഇറങ്ങില്ലെന്ന നിലപാടിലാണിവർ. അർഹമായ ഭൂമി ലഭിയ്ക്കാത്തതിൽ പ്രതിഷേധിച്ച് രംഗത്തിറങ്ങാൻ ആദിവാസി സംഘടനകൾ സമരത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് തോട്ടം തൊഴിലാളികളും അവകാശവാദമുന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. സംഭവമറിഞ്ഞ് എത്തിയ ചിന്നക്കനാൽ വില്ലേജ് ഓഫീസർ ഇവരുമായി ചർച്ച നടത്തിയെങ്കിലും കുടിൽ കെട്ടി താമസിക്കുന്നതിൽ ഉറച്ച് നിൽക്കുകയാണ് തൊഴിലാളികൾ.
സൂര്യനെല്ലിയിൽ കയ്യേറിയ റവന്യൂ ഭൂമിയിൽ തൊഴിലാളികൾ ഷെഡ്ഡ് നിർമ്മിക്കുന്നു.