lk
വിനോദ സഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്‌

പീരുമേട്: തിരഞ്ഞെടുപ്പ് ചൂടിനിടയിലും ഹൈറേഞ്ച് മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വൻതിരക്ക്. തുടർച്ചയായി അവധി ദിവസങ്ങളും വൈകുന്നേരങ്ങളിൽ തുടരുന്ന മഞ്ഞും മഴയും ഹൈറേഞ്ചിന്റെ മാറ്റ് കൂട്ടുമ്പോൾ വിദേശീയരടക്കം നിരവധി വിനോദ സഞ്ചാരികളാണ് ഹൈറേഞ്ചിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഒഴുകിയെത്തുന്നത്. പാഞ്ചാലിമേടും പരുന്തും പാറയിലും ഇന്നലെ വരെ പീഡാനുഭവ സ്മരണയിൽ കുരിശു മല കയറാൻ വിശ്വാസികളുടെ തിരക്കും ഉണ്ടായിരുന്നു. മൂന്നാറിനു സമാനമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തേടിയാണ് ആളുകൾ വാഗമൺ, പരുന്തുംപാറ കുട്ടിക്കാനം, പീരുമേട്, പാഞ്ചാലിമേട്, എന്നിവിടങ്ങളിലേക്ക് എത്തുന്നത് . അവധിക്കാല ആഘോഷങ്ങൾ പൊടിപൊടിക്കാനാണ് മലയാളികൾ കൂട്ടത്തോടെ ഇടുക്കിയുടെ ഉയരങ്ങൾ തേടിയെത്തുന്നത്.. ടൂറിസ്റ്റ് ബസുകളിലും കാറുകളിലും ഇരുചക്രവാഹനങ്ങളിലുമായി നൂറുകണക്കിന് സഞ്ചാരികളാണ് ഹൈറേഞ്ചിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. സഞ്ചാരികളുടെ കൂട്ടത്തോടെയുള്ള വരവ് പരുന്തുംപാറയിലു പാഞ്ചാലിമേട്ടിലും സർക്കാർ പുതിയതായി നടപ്പിലാക്കുന്ന ടൂറിസം പ്രോജക്ടുകൾക്ക് പ്രചോദനമാണ്. ആഴ്ച്ചയുടെ അവസാനവും ഈസ്റ്ററും ഒരുമിച്ചെത്തിയപ്പോൾ സഞ്ചാരികളുടെ വൻ തിരക്കാണ് വാഗമണ്ണിലും പരുംന്തും പാറയിലും കഴിഞ്ഞ ദിവസങ്ങളിൽഅനുഭവപ്പെട്ടത്. ചെറിയ ജംഗ്ഷനുകളിൽ പോലും കച്ചവട സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും ഹോംസ്റ്റേ, ലോഡ്ജുകൾ എന്നിവിടങ്ങളിലും വലിയ തിരക്കാണനുഭവപ്പെടുന്നത്. കഴിഞ്ഞ അവധിക്കാലങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ചിലേക്ക് കൂടുതൽ സഞ്ചാരികൾ ഏറെയായെത്തുന്നുണ്ട്.