നാല് യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്ക്

തൊടുപുഴ: കൊട്ടിക്കലാശത്തിന് മുന്നണികൾക്ക് നൽകിയ സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ കയ്യാങ്കളിയിൽ നാല് യു. ഡി. എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലോടെ തൊടുപുഴ ഗാന്ധി സ്‌ക്വയറിലായിരുന്നു സംഘർഷം. യൂത്ത് കോൺഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം പ്രസിഡന്റ് പൈങ്ങോട്ടൂർ കിഴക്കേടത്ത് സിജോ ജോൺ (37), കോൺഗ്രസ് തൊടുപുഴ മണ്ഡലം വൈസ് പ്രസിഡന്റ് ജോൺസൺ വെള്ളാപ്പുഴ (52), യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഞ്ചിരി ചേംബ്ലാങ്കൽ അപ്‌സിൻ ഫ്രാൻസിസ്, കേരളാ കോൺഗ്രസ് പ്രവർത്തകനും പ്രചരണ. വാഹനത്തിന്റെ ഡൈവറുമായ മണക്കാട് പൈമ്പിള്ളിൽ സിറിയക് (54) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കല്ലേറിലും കുറുവടി കൊണ്ടുള്ള അടിയിലുമാണ് ഇവർക്ക് തലയ്ക്ക് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് കൊട്ടി കലാശത്തിന് ഗാന്ധി സ്‌ക്വയർ മുതൽ പ്രൈവറ്റ് സ്റ്റാന്റ് വരെ യു.ഡി.എഫിന് പൊലീസ് അനുവദിച്ചിരുന്നുവെന്നും ഇവിടെ സമാധാനപരമായി ആഘോഷ പരിപാടികളിൽ ഏർപ്പെട്ടിരുന്നപ്രവർത്തകരുടെ ഇടയിലേയ്ക്ക് കുറുവടികളും കല്ലുമായി എത്തി സി.പി.എം പ്രവർത്തകർ സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. സംഘർഷത്തിനിടെ ഗതാഗത കുരുക്കിൽ കിടന്ന വാഹനം എടുക്കുന്നതിനിടെയാണ് വാഹന ഉടമ മണക്കാട് പൈമ്പിള്ളിൽ സിറിയക്കിനുമർദ്ദനമേറ്റത്.