തൊടുപുഴ: ഒരു മാസത്തിലേറെ നീണ്ട വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ ഇടുക്കിയും ഇന്ന് വിധിയെഴുതും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണു വോട്ടെടുപ്പ്. മുന്നണികൾ അവസാനവട്ട ഓട്ടപ്പാച്ചിലിലായിരുന്നു നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ. രാത്രി വൈകിയും നേരിട്ടും ഫോണിലൂടെയും മറ്റും വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാർത്ഥികൾ. തങ്ങൾക്കനുകൂലമായ വോട്ടുകൾ പരമാവധി പെട്ടിയിലാക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടികൾ. ഇതിന് പ്രയോഗിക്കേണ്ട അടവുകളും തന്ത്രങ്ങളും അണിയറയിൽ ഒരുങ്ങി. പ്രതീക്ഷകളിലും അവകാശവാദങ്ങളിലും മുന്നണികളൊന്നും പിന്നിലല്ല. വിജയം ആവർത്തിക്കുമെന്ന് എൽ.ഡി.എഫും മണ്ഡലം തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫും എന്നാൽ അട്ടിമറി നടക്കുമെന്ന് എൻ.ഡി.എയും ഉറച്ച് വിശ്വസിക്കുന്നു. എന്നാൽ ജനമനസെന്തെന്ന് ആർക്കും ഇതുവരെ പിടികിട്ടിയിട്ടില്ല.
മഴ ബാധിക്കുമോ
ഇന്ന് ജില്ലയിൽ പൊതുവെ ചൂട് കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പരമാവധി ചൂട് 31 ഡിഗ്രി സെൽഷ്യസായിരിക്കും. ഉച്ചയ്ക്ക് ശേഷം മഴ പെയ്യാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ ദിവസം പെയ്തത് പോലെ ഇടിയും കാറ്റുമുള്ള ശക്തമായ വേനൽ മഴ പെയ്താൽ പോളിംഗിനെ ബാധിക്കും. ഉച്ചയ്ക്ക് മുമ്പ് തന്നെ വോട്ട് ചെയ്യുന്നതാകും ഉചിതം. കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചതിനാൽ കനത്ത ചൂടിന് കുറവുണ്ട്.
ഇതിൽ ഏതെങ്കിലും കൈൽ കരുതണേ
വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സർക്കാർ സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച പാസ് ബുക്ക്, പാൻ കാർഡ്, കേന്ദ്രസർക്കാരിന്റെ സ്മാർട് കാർഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, ആരോഗ്യ ഇൻഷുറൻസ് സ്മാർട് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, ജനപ്രതിനിധികൾക്കുള്ള തിരിച്ചറിയൽ രേഖ, ആധാർ കാർഡ്. ഫോട്ടോ പതിച്ച വോട്ടർ സ്ലിപ് തിരിച്ചറിയൽ രേഖയല്ല.
അങ്കത്തട്ടിൽ എട്ട് പേർ
ജോയ്‌സ് ജോർജ് (എൽ.ഡി.എഫ് സ്വതന്ത്രൻ)
ഡീൻ കുര്യാക്കോസ് (യു.ഡി.എഫ്)
ബിജു കൃഷ്ണൻ (എൻ.ഡി.എ)
ലിതേഷ് പി.ടി (ബി.എസ്.പി),
എം. സെൽവരാജ് (വിടുതലൈ പാർട്ടി)
റെജിമോൻ ജോസഫ് (സ്വത.)
ഗോമതി (സ്വത.)
കെ.എ. ബേബി (സ്വത.)
കണക്കുകൾ ഇങ്ങനെ
ആകെ വോട്ടർമാർ- 12,03,258
പുരുഷന്മാർ- 59,88,91
സ്ത്രീകൾ- 60,43,64
ട്രാൻസ്‌ജെന്റർ- മൂന്ന്
ആകെ പോളിംഗ്‌സ്റ്റേഷനുകൾ- 305
പ്രശ്‌നബാധിത ബാധിത ബൂത്തുകൾ- 60
അതീവ പ്രശ്‌നബാധിത ബൂത്തുകൾ- അഞ്ച്