ചെറുതോണി : രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ് മർച്ചന്റ് അസ്സോസിയേഷൻ എന്നും തിരഞ്ഞെടുപ്പിന് വേണ്ടി സംഘടനയെ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ലെന്നും ചെറുതോണി മർച്ചന്റ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി എൻ.ജെ വർഗ്ഗീസ് അറിയിച്ചു. സംഘടനയെ രാഷ്ട്രീയവൽക്കരിക്കുന്നതിനുള്ള നീക്കം അപലപനീയവും അപകടകരവുമാണ്. സംഘടനയിൽ അംഗത്വമുള്ളവർക്ക് രാഷ്ട്രീയ പാർട്ടികളിൽ ആഭിമുഖ്യം ഉണ്ടാകാം. എന്നാൽ സംഘടനയ്ക്ക് സ്വതന്ത്ര സ്വഭാവമാണുള്ളത്. വ്യാപാരികളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിയ്ക്കും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സംഘടന സഹകരിക്കാറുണ്ട്. എല്ലാ പാർട്ടികളോടും നേതാക്കളോടും ഒരേ സമീപനമാണ് സംഘടനയ്ക്കുള്ളത്. എന്നാൽ സംഘടനയുടെ പേര് ദുരുപയോഗപ്പെടുത്തി തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ഭൂഷണമല്ല. രണ്ട് വർഷം മുമ്പ് നടന്ന ചില കാര്യങ്ങൾ തെരഞ്ഞെടുപ്പിന്റെ തലേന്ന് പ്രചരിപ്പിക്കുന്നതിന്റെ പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി സംഘടനയുടെ പേര് ഉപയോഗിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും കർശനമായ നടപടികൾ സ്വീകരിക്കുമെന്നും എൻ.ജെ വർഗ്ഗീസ് പറഞ്ഞു.